തൃശൂര്‍: വിവാദങ്ങളും ആശങ്കകളും അവസാനിപ്പിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരവാതില്‍ ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തുറന്നതോടെ ക്ഷേത്ര മൈതാനത്ത് കൂടിനിന്ന പതിനായിരങ്ങള്‍ ഹര്‍ഷാരവം മുഴക്കി. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയെത്തിയ രാമചന്ദ്രന്‍ ഗോപുരവാതില്‍ തുറന്ന് വടക്കുന്നാഥക്ഷേത്ര മൈതാനത്തേക്ക് ഇറങ്ങിയതോടെ ഈ വര്‍ഷത്തെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കം.
പതിവിനു വിപരീതമായി പൂരസമാനമായ അന്തരീക്ഷത്തിലായിരുന്നു പൂരം വിളംബരം. വിവാദങ്ങള്‍ക്ക് വിരാമമിട്ട് രാമചന്ദ്രന്‍ തിടമ്പേറ്റി എഴുന്നള്ളുന്നത് കാണാന്‍ പൂരപ്രേമികളും ആനപ്രേമികളുമായി മുമ്പില്ലാത്ത തരത്തില്‍ ജനം ഒഴുകിയെത്തിയപ്പോള്‍ തെക്കേഗോപുരനട തുറക്കല്‍ ചരിത്രമായി.
തെച്ചിക്കോട്ടുകാവ് ദേവീദാസനാണ് തിടമ്പേറ്റിയെത്തിയത്. വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനത്ത് വച്ച് തിടമ്പ് രാമചന്ദ്രന്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം ചെയ്ത ശേഷമാണ് തെക്കേഗോപുര നടയിലെത്തിയത്. പൂര ദിവസം ഘടകപൂരങ്ങള്‍ വടക്കുന്നാഥനെ വണങ്ങി മടങ്ങുന്നത് തെക്കേഗോപുര നട വഴിയാണ്.
രാവിലെ നെയ്തലക്കാവ് ക്ഷേത്രത്തില്‍ ശീവേലിക്ക് ശേഷമാണ് എഴുന്നള്ളിപ്പ് ആരംഭിച്ചത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തുന്നത്. കര്‍ശന സുരക്ഷയിലായിരുന്നു എഴുന്നള്ളിപ്പ്. ചടങ്ങിനു ശേഷം നിലപാടുതറയിലേക്ക് കൊണ്ടുപോകാതെ തിടമ്പ് ദേവീദാസന് കൈമാറി. രാമചന്ദ്രനെ ലോറിയില്‍ തിരികെ കൊണ്ടുപോയി.
ഹര്‍ഷാരവങ്ങളോടെയായിരുന്നു രാമനെ ആനപ്രേമികള്‍ യാത്രയാക്കിയത്. 50 മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡുകളും വടവും ഉപയോഗിച്ച് ജനങ്ങളെ പോലീസ് തടഞ്ഞു. നിയന്ത്രണം ചോദ്യംചെയ്ത ജനങ്ങളും പോലീസും തമ്മില്‍ ചെറിയതോതില്‍ ഉന്തുംതള്ളുമുണ്ടായി.
പൂരം ഇന്ന്
ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം ഇന്ന്. പൂരത്തിന് തുടക്കംകുറിച്ച് ഇന്ന് പുലര്‍ച്ചെ കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. പിന്നാലെ മറ്റ് ഘടകപൂരങ്ങളും വടക്കുന്നാഥനെ വണങ്ങാനെത്തും.
രാവിലെ തിരുവമ്പാടിയുടെയും ഉച്ചയ്‌ക്ക് പാറമേക്കാവിന്റെയും പൂരം എഴുന്നള്ളിപ്പുകള്‍ ആരംഭിക്കും. രാവിലെ 11.30ന് തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യം. ഉച്ചയ്‌ക്ക് രണ്ടിനാരംഭിക്കുന്ന പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തിന്റെ കൊട്ടിക്കലാശത്തോടെ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ തെക്കോട്ടിറങ്ങും. തുടര്‍ന്ന് ഇരു ഭഗവതിമാരും മുഖാമുഖമെത്തിയാല്‍ വൈകിട്ട് 5.30ന് കുടമാറ്റം. ഒന്നരമണിക്കൂര്‍ നീളുന്ന കുടമാറ്റത്തോടെ പകല്‍പ്പൂരത്തിന് സമാപനമാകും. നാളെ പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട്.
നാളെ രാവിലെ തിരുവമ്പാടി ഭഗവതി നായ്‌ക്കനാലില്‍ നിന്നും പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും ശ്രീമൂലസ്ഥാനത്തെത്തും. ഉച്ചയ്‌ക്ക് 12ന് മേളം കൊട്ടിക്കലാശിക്കുന്നതോടെ ഈ വര്‍ഷത്തെ പൂരത്തിന് സമാപനമാകും. ഐഎസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാവലയത്തിലാണ് തൃശൂര്‍ നഗരം.
















