തൃശൂര്‍: അനിശ്ചിതത്വത്തിനും ആശങ്കങ്ങള്ക്കും വിരാമം. തൃശൂര്‍ പൂരം വിളംബരമറിച്ച് തെക്കേഗോപുരനട തുറക്കാന്‍ ഇന്ന് രാവിലെ ഗജവീരന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും. ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയത്.
ഇന്ന് രാവിലെ നൈതലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി തെക്കേഗോപുര വാതില്‍ തള്ളി തുറക്കുന്നതോടെയാണ് പൂരങ്ങളുടെ പൂരത്തിന് വിളംബരമാകുന്നത്. ഇതിനായി ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് രാവിലെ 9.30ന് മണികണ്ഠനാലില്‍ നിന്ന് വടക്കുന്നാഥനിലേക്ക് മേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളും. തുടര്‍ന്ന് പത്തരയോടെ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി തെക്കേഗോപുരനട തള്ളിത്തുറന്ന് പൂരവിളംബരം നടത്തും.
കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തിന് തെക്കേഗോപുരനട തള്ളിത്തുറക്കുന്നത് ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. രാമചന്ദ്രന്റെ പ്രൗഢഗംഭീരമായ വരവ് കാണാന്‍ വേണ്ടി ആയിരങ്ങളാണ് വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് തടിച്ചുകൂടുന്നത്. വര്‍ഷത്തില്‍ ശിവരാത്രിക്കും പൂരത്തിനും മാത്രമേ വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേഗോപുരനട തുറക്കാറുള്ളൂ.
പൂരം നാളെ
നൈതലക്കാവിലമ്മ ഇന്ന് തുറന്നിടുന്ന തെക്കേഗോപുരനടയിലൂടെയാണ് പൂരത്തിന് തുടക്കം കുറിച്ച് നാളെ പുലര്‍ച്ചെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് എഴുന്നള്ളുക. മറ്റു ഘടകക്ഷേത്ര പൂരങ്ങളും ഊഴമനുസരിച്ച് വിവിധ സമയങ്ങളില്‍ വടക്കുന്നാഥനെ വണങ്ങാനെത്തും. രാവിലെ തിരുവമ്പാടിയുടെയും ഉച്ചയ്ക്ക് പാറമേക്കാവിന്റെയും പൂരം എഴുന്നള്ളിപ്പുകള്‍ ആരംഭിക്കും.
രാവിലെ 11.30ന് തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യം. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം കൊട്ടിക്കലാശിച്ചാല്‍ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ തെക്കോട്ടിറങ്ങും. തുടര്‍ന്ന് ഇരു ഭഗവതിമാരും മുഖാമുഖമെത്തിയാല്‍ വൈകിട്ട് 5.30ന് കുടമാറ്റം. ഒന്നര മണിക്കൂറോളം നീളുന്ന കുടമാറ്റത്തോടെ പകല്‍പൂരം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: