ആറന്മുള: സംസ്കാരവും പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതാണ് യഥാര്‍ത്ഥ നവോത്ഥാനമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ആറന്മുളയില് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി യോഗത്തില്‍ മാര്‍ഗ്ഗദര്‍ശനം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തോടുള്ള പ്രതിബദ്ധതയോടെയാകണം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ജനങ്ങളുടെ ഉള്ളിലെ ആധ്യാത്മികതയെ ഉണര്‍ത്തിക്കൊണ്ടുള്ളതാകണം അതെന്നും സ്വാമി വിവേകാനന്ദന് പറഞ്ഞിട്ടുണ്ട്. നവോത്ഥാനത്തെ സിപിഎം കച്ചവടച്ചരക്കാക്കിയിരിക്കുകയാണ്. സ്വന്തം താല്പര്യങ്ങള്ക്കുവേണ്ടി പിണറായി നവോത്ഥാന മൂല്യങ്ങളെ വിറ്റഴിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആദര്‍ശമില്ല, അധികാരത്തിന്റെ ഹുങ്കാണ്.
നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാനുള്ള അവരുടെ ശ്രമത്തെ ഒറ്റക്കെട്ടായാണ് ഹിന്ദു സമൂഹം ചെറുത്തു തോല്പിച്ചത്. ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും എല്ലാവിധ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ ഹിന്ദു ഐക്യവേദി ഉണ്ടാകണം. നവോത്ഥാനത്തിന്റെ പേരു പറഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവരുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. പാടശേഖരങ്ങള്‍ മണ്ണിട്ടു നികത്തി പരിസ്ഥിതിയെ നശിപ്പിക്കുന്ന നടപടികളാണ് വെള്ളപ്പൊക്കത്തിനു കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ അധ്യക്ഷയായ സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഭദ്രദീപം തെളിയിച്ചു. രക്ഷാധികാരി പി.കെ. ഭാസ്കരന്, ഉപാധ്യക്ഷന്മാരായ അഡ്വ. കെ. ഹരിദാസ്, പി.ജി. ശശികല ടീച്ചര്‍, അഡ്വ. വി. പത്മനാഭന്, ജന. സെക്രട്ടറിമാരായ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ഇ.എസ്. ബിജു, കെ.പി. ഹരിദാസ്, ആര്.വി. ബാബു, സംസ്ഥാന ട്രഷറര്‍ കെ. അരവിന്ദാക്ഷന് നായര്‍ എന്നിവര്‍ വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന് സമാപന സഭയില്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: