തൃശൂര്‍ : തൃശൂര്‍ പൂരത്തിനു തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ ഉപാധികളോടെ അനുമതി. ആനയ്‌ക്ക് മദപ്പാടില്ലെന്നും, പാപ്പാന്മാരെ അനുസരിക്കുന്നുണെന്നുമുള്ള ഫിറ്റ്‌നസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്.
ആനയുടെ കാഴ്‌ച്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി പറയാന്‍ സാധിക്കില്ലെന്നും വിദഗ്ദ സംഘം കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. കൂടാതെ ആനയുടെ ആരോഗ്യ നില തൃപ്തികരമെങ്കില്‍ പൂര വിളമ്പരചടങ്ങില്‍ പങ്കെടുപ്പിക്കുമെന്ന് കളക്ടര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്.
എന്നാല്‍ സുരക്ഷയുടെ ഭാഗമായി പൂരവിളമ്പരത്തിനായി തെക്കേ ഗോപുരനട തുറക്കുന്ന സമയത്തെത്തുന്ന ജനങ്ങളെ ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 9.30 മുതല്‍ 10.30 വരെ വടക്കും നാഥ ക്ഷേത്രത്തിലെ ചടങ്ങുകളിലാകും രാമചന്ദ്രനെ എഴുന്നള്ളിക്കുക. നാല് പാപ്പാന്മാരും തെച്ചിക്കോട്ട് രാമചന്ദ്രന്റെ സംരക്ഷണത്തിനുണ്ടാകും.
ആനയെ എഴുന്നള്ളിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് തെച്ചിക്കോട്ട് ദേവസ്വം അറിയിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാരിന്റെ ഏത് നിര്‍ദ്ദേശത്തോടും സഹകരിക്കുമെന്നും, എല്ലാ സംവിധാനങ്ങളും ഒരുക്കി നല്‍കുമെന്നും ആന ഉടമസ്ഥ സംഘവും അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്.
















