തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് കള്ളവോട്ട് ചെയ്തതെന്ന് സ്ഥിരീകരിച്ചു. കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനെതിരെയും കണ്ണൂരിലെ പാമ്പുരുത്തിയില്‍ കള്ളവോട്ട് ചെയ്ത ഒമ്പത് മുസ്ലീംലീഗുകാര്ക്കെതിരെയും ക്രിമിനല്‍ നടപടി തുടങ്ങി. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സിപിഎമ്മുകാരന് കള്ളവോട്ടു ചെയ്തത് ഏപ്രില്‍ മുപ്പതിന് ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
പാമ്പുരുത്തിയിലെ ബൂത്ത് 166ലെ പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവര്‍ കള്ളവോട്ടിന് കൂട്ടുനിന്നു. ഇവര്‍ക്കതിരെ ക്രിമിനല്‍, വകുപ്പ് തല നടപടിക്കും ധര്‍മടത്തെ പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനുമാണ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദേശം.
ധര്‍മടത്തെ ബൂത്ത് 52ല്‍ കള്ളവോട്ട് ചെയ്തത് 47-ാം ബൂത്തിലെ സിപിഎം പ്രവര്ത്തകന് സയൂജാണെന്ന് ജില്ലാ കളക്ടറുടെ അന്വേഷണത്തില്‍ തെളിഞ്ഞു. ഇയാള്‍ സ്വന്തം ബൂത്തില്‍ വോട്ട് ചെയ്തശേഷമാണ് കള്ളവോട്ട് രേഖപ്പെടുത്തിയതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. സയൂജിനെ കള്ളവോട്ടിന് സഹായിച്ചെന്ന് കരുതുന്ന മുഹമ്മദ് ഷാഫിയുടെ പങ്ക് അന്വേഷിക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചു. ഇവിടത്തെ പോളിങ് ഉദ്യോഗസ്ഥര്‍, ബൂത്ത് ഏജന്റുമാര്‍ എന്നിവരുടെ പങ്കും അന്വേഷിക്കും.
പാമ്പുരുത്തി ബൂത്ത് 166 ല്‍ ഒമ്പത് മുസ്ലീം ലീഗുകാര്‍ ചേര്‍ന്ന് വിദേശത്തുള്ള 12 പേരുടെ കള്ളവോട്ട് ചെയ്തു. അബ്ദുള്‍ സലാം, മര്‍ഷദ് ഉനിയാസ് കെ.പി എന്നിവര്‍ രണ്ട് തവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുള്‍ സലാം, കെ.പി.സാദിഖ്, ഷമല്‍, മുബഷിര്‍ എന്നിവര്‍ ഓരോ തവണയും വോട്ടു ചെയ്തുവെന്നാണ് ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചത്. ഇവരുടെ മൊഴിയെടുക്കുന്ന വേളയില്‍ ആറുപേര്‍ കള്ളവോട്ട് ചെയ്തെന്ന് സമ്മതിക്കുകയും രണ്ട് പേര് വിസമ്മതിക്കുകയും ചെയ്തു. ഒരാള്‍ ഹാജരായിരുന്നില്ല. കള്ളവോട്ടു നടക്കുന്ന വേളയില്‍ പോളിംഗ് ഏജന്റ് എതിര്‍പ്പറിയിച്ചെങ്കിലും പ്രിസൈഡിങ് ഓഫീസര്‍ ഇടപെട്ടില്ല. പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവര്‍ കുറ്റക്കരാണെന്ന് വീഡിയോ ദൃശ്യത്തില്‍ നിന്ന് വ്യക്തമായി. ഇവര്‍ക്കെതിരെ ക്രിമിനല്‍, വകുപ്പുതല നടപടികള്‍ക്ക് നിര്ദേശിച്ചച്ചെന്നും ടിക്കാറാം മീണ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് 20 കള്ളവോട്ടുകള്‍ നടന്നെന്നാണ് സ്ഥിരീകരണം. പതിനേഴു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: