തിരുവനന്തപുപരം: എറണാകുളം ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം നിര്‍ത്തിവയ്‌ക്കാനാകില്ലെന്നു വൈദ്യുതി മന്ത്രി എം.എം. മണി ആവര്‍ത്തിച്ചു. മന്ത്രിയുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ശാന്തിവനത്തിന്റെ ഉടമ നീനമേനോനും കൂട്ടരും മന്ത്രിമന്ദിരത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കെഎസ്ഇബി നിര്‍മ്മിക്കുന്ന ടവര്‍ നിര്‍മ്മാണം 20 വര്‍ഷം മുമ്പുള്ള പദ്ധതിയാണ്. പരാതി അറിയിക്കാന്‍ സമരസമിതി വൈകി. ഇനി ഒരു കാരണവശാലും പണി നിര്‍ത്തിവയ്‌ക്കില്ല. ഇന്നലെ രാവിലെ വസതിയിലെത്തി തന്നെ സന്ദര്‍ശിച്ച ശാന്തിവനം സമരസമിതിക്കാരുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി നിലപാട് ആവര്‍ത്തിച്ചത്. പദ്ധതിപ്രദേശത്ത് മന്ത്രി സന്ദര്‍ശനം നടത്തണമെന്നും അതുവരെയെങ്കിലും പണി നിര്‍ത്തിവയ്‌ക്കണമെന്നുമുള്ള സമരസമിതിയുടെ ആവശ്യവും മന്ത്രി അംഗീകരിച്ചില്ല. അലൈന്‍മെന്റില്‍ മാറ്റം വരുത്തുക, സ്ഥലം മന്ത്രി സന്ദര്‍ശിക്കുക എന്നീ ആവശ്യങ്ങളുമായാണ് സമരസമിതി മന്ത്രിയെ കാണാനെത്തിയത്.
എറണാകുളം വടക്കന്‍ പറവൂരില്‍ സ്ഥിതി ചെയ്യുന്ന ശാന്തിവനത്തിലൂടെ 110 കെവി ലൈന്‍ വലിക്കാനുള്ള പദ്ധതി 20 വര്‍ഷം മുമ്പ് വിഭാവനം ചെയ്തതാണെന്നും അന്നൊന്നും ഇല്ലാത്ത ആശങ്ക ഇപ്പോള്‍ എങ്ങനെ വന്നുവെന്നും മന്ത്രി സമരസമിതിക്കാരോട് ചോദിച്ചു.
ചര്‍ച്ച പരാജയപ്പെട്ടതോടെ ഇനി എന്ത് ചെയ്യണമെന്നറിയില്ലെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് ശാന്തിവനത്തിന്റെ ഉടമ നീനമേനോന്‍ മന്ത്രി മന്ദിരത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും വിങ്ങിപ്പൊട്ടുകയായിരുന്നു.
















