കോഴിക്കോട്: അക്രമരാഷ്‌ട്രീയം അനാഥമാക്കുന്ന കുടുംബങ്ങളുടെ കഥ പ്രമേയമാക്കിയ ‘കുരുത്തി’ എന്ന നാടകത്തെ കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടക മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത് സിപിഎം അസഹിഷ്ണുതയുടെ ഉദാഹരണമാണെന്ന് തപസ്യ കലാസാഹിത്യ വേദി കുറ്റപ്പെടുത്തി. നാടകം ഒഴിവാക്കിയത് സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. അക്രമരാഷ്‌ട്രീയത്തിന്റെ വക്താക്കള്‍ തങ്ങളാണെന്ന് സമ്മതിക്കുക കൂടിയാണ് ഈ നടപടിയിലൂടെ സിപിഎം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന വിവിധ നാടകോത്സവങ്ങളിലായി അറുപതിലേറെ പുരസ്‌കാരങ്ങള്‍ നേടിയ നാടകമാണ് ‘കുരുത്തി’.
സംഗീത നാടക അക്കാദമി നാടകോത്സവത്തില്‍ ഈ നാടകം ആദ്യം മത്സരത്തിനായി തെരഞ്ഞെടുത്തെങ്കിലും കൊലപാതക രാഷ്‌ട്രീയമാണ് നാടകത്തിന്റെ പ്രമേയമെന്നും പരോക്ഷമായാണെങ്കിലും സിപിഎമ്മിനെ ഈ നാടകം പ്രതിസ്ഥാനത്താക്കുമെന്നും തിരിച്ചറിഞ്ഞതോടെയാണ് പാര്‍ട്ടിയുടെ ഇടപെടലും തുടര്‍ന്ന് മത്സരത്തില്‍ നിന്ന് ഒഴിവാക്കലുമുണ്ടായത്.
തങ്ങള്‍ പ്രതിക്കൂട്ടിലാകുന്ന ഒരു നാടകാവതരണത്തെ അസഹിഷ്ണുതയുടെ പേരില്‍ പടിക്കുപുറത്തു നിര്‍ത്തുന്നത് ശരിയാണോ എന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎമ്മും പുരോഗമന കലാസാഹിത്യ സംഘവും വ്യക്തമാക്കണമെന്ന് തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















