കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ജയിലില്‍ വാര്ഡന്മാരെ ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി ഉറക്കിയ ശേഷം ജയില്‍ ചാടാന്‍ ശ്രമിച്ച സംഭവത്തില്‍ തടവുകാരായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു. വിചാരണത്തടവുകാരായ കാഞ്ഞങ്ങാട് സ്വദേശി റഫീഖ്, കാസര്‍കോട് തലപ്പാടിയിലെ ഷംസീര്‍, ചീമേനി സ്വദേശി അരുണ്‍ കുമാര്‍ എന്നിവരെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ്സ്മജിസ്ട്രേറ്റ് എം.സി.ആന്റണി ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ജയില്‍ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും തടവുചാടാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു.
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സുകുമാരന്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ യാക്കൂബ്, താല്‍ക്കാലിക ജീവനക്കാരന് പവിത്രന് എന്നിവര്‍ക്കാണ് ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്. രക്ഷപ്പെടുന്നതിനായി പ്രതികള്‍ പ്രധാന കവാടത്തിന്റെ അടുത്തെത്തിയപ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ മാസം 27 ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ജയിലിലെ അടുക്കള ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവര്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ചായ ഉണ്ടാക്കി നല്കുമ്പോള് അതില്‍ ഉറങ്ങുന്നതിനുള്ള മരുന്ന് ചേര്‍ത്ത് നല്‍കുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് നല്കുന്ന നെട്രാവൈറ്റ്, ക്യൂടിപൈന്‍ ഗുളികകളാണ് ചായയില്‍ ചേര്‍ത്ത് നല്‍കിയത്. ചായ കുടിച്ച മൂന്ന് ഉദ്യോഗസ്ഥരും ഛര്‍ദ്ദിയെ തുടര്‍ന്ന് മയങ്ങിയപ്പോള്‍ രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വെള്ളം തീര്‍ന്നതിനാല്‍ പൈപ്പ് തുറക്കാനെത്തിയതാണെന്ന് പറഞ്ഞ് മൂന്നുപേരും തിരികെ പോയി. ഇതേ സമയം ചായ കുടിച്ച മൂന്ന് ഉദ്യോഗസ്ഥരെയും ആശുപത്രിയിലെത്തിച്ചു.
ജയിലിനകത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തടവുകാരന് ചായയില്‍ എന്തോ ചേര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് തടവുചാടല്‍ ശ്രമം വ്യക്തമായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.
















