ഇടുക്കി: മലയോര ജില്ലയായ വയനാട്ടില്‍ 34 ശതമാനം വേനല്‍ മഴ കൂടിയപ്പോള്‍ സംസ്ഥാനത്താകെ കുറവ് 35 ശതമാനം. 18.3 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 11.79 സെ.മീ. മഴയാണ്. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ മാര്‍ച്ച് ഒന്ന് മുതല്‍ കഴിഞ്ഞ ഒന്‍പതു വരെയുള്ള കണക്ക് പ്രകാരമാണിത്. കഴിഞ്ഞവര്‍ഷം വേനല്‍ക്കാലത്ത് ആകെ ലഭിച്ചത് 52.12 സെ.മീ മഴയായിരുന്നു. അതായത് 37 ശതമാനം കൂടുതല്‍.
പത്തനംതിട്ടയില്‍ എട്ടു ശതമാനം മഴ കൂടിയപ്പോള്‍ ആലപ്പുഴയില്‍ ആണ് ഏറ്റവും കുറവ്, 62 ശതമാനം.
കോട്ടയം-64, കാസര്‍കോട്-53, തിരുവനന്തപുരം-52 ശതമാനം വീതം മഴ കുറഞ്ഞു. മറ്റ് ജില്ലകളില്‍ 23-47 ശതമാനം വരെയാണ് കുറവ്. സീസണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്, 35.65 സെ.മീ. അടുത്തവാരത്തോടെ സംസ്ഥാനത്താകെ വേനല്‍മഴ ലഭിച്ചേക്കും. ഫോനി ചുഴലിക്കാറ്റിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റ് പിന്‍വലിഞ്ഞതാണ് മഴ ഇല്ലാതാകാന്‍ കാരണം. 12ന് ശേഷം ഇടവിട്ട് ശക്തമായ മഴ ലഭിക്കും. 12നും 13നും ഇടുക്കിയിലും 14ന് വയനാട്ടിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. ഇവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കും.
ഇതിന് ശേഷം ഈ മാസം അവസാനത്തോടെ തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുന്നതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് പിന്‍വലിയുകയും മഴ കുറയുകയും ചെയ്യും. ജൂണ്‍ രണ്ടാംവാരം ആരംഭത്തില്‍ തന്നെ സംസ്ഥാനത്ത് മണ്‍സൂണ്‍ മഴയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ നിഗമനം. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് മഴ കൂടുതല്‍ ലഭിക്കാന്‍ സാധ്യത. 15ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രത്തിന്റെ വിശകലനം പുറത്ത് വരും.
















