കണ്ണൂര്‍: അന്താരാഷ്‌ട്ര ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തിന്റെ മണ്ണില്‍ ആഴ്ന്നിറങ്ങിയതിന്റെ തെളിവാണ് ശ്രീലങ്കന്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന എന്‍ഐഎ അന്വേഷണവും അറസ്റ്റുമെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി.മഹേഷ്. ഭാരതീയ വിചാര കേന്ദ്രം കണ്ണൂര്‍ ജില്ലാ സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭയാനകവും അസ്വസ്ഥവുമാണ് കേരളത്തിന്റെ പൊതുമനസ്സ്. കേരളത്തിലും ബോംബാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നുവെന്ന കാര്യം അത്യന്തം ഗൗരവത്തോടെ കാണേണ്ട വസ്തുതയാണ്. സാംസ്‌കാരിക തനിമയുടെ മുഖമായ തൃശ്ശൂര്‍പൂരം പോലും ഭയത്തിന്റെ നിഴലില്‍ ആഘോഷിക്കേണ്ടി വരുന്നത് നമ്മുടെ പൊതുസമൂഹത്തെ ചിന്തിപ്പിക്കണം. കാസര്‍കോട്ടും പാലക്കാട്ടും തിരുവനന്തപുരത്തുമൊക്കെ അന്വേഷണം നടക്കുമ്പോള്‍ വെളിപ്പെടുന്നത് ഭീകരവാദത്തിന്റെ വ്യാപ്തിയാണ്. ഭീകരവാദത്തിന്റെ നിശ്ശബ്ദ പ്രവര്‍ത്തനം നിരവധി വര്‍ഷങ്ങളായി കേരളത്തിലുണ്ടെന്ന് പലരും ആശങ്കപ്പെട്ടിരുന്നു. കക്ഷി രാഷ്‌ട്രീയത്തിന്റെ തലത്തില്‍ നിന്നല്ലാതെ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കേരളം പ്രതികരിക്കേണ്ടിയിരിക്കുന്നുവെന്നും മഹേഷ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഡോ.ഇ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.ജനാര്‍ദ്ദനന്‍, പ്രകാശന്‍ മാസ്റ്റര്‍, കെ.ശിവദാസ് എന്നിവര്‍ സംസാരിച്ചു.
















