കോട്ടയം: കെ.എം. മാണിയുടെ അഭാവത്തില്‍ കേരളാ കോണ്‍ഗ്രസ് പിടിച്ചെടുക്കാന്‍ ജോസഫ് വിഭാഗം ഒരുങ്ങുന്നു. മാണിയുടെ മകനും പാര്‍ട്ടി വൈസ് ചെയര്‍മാനുമായ ജോസ് കെ. മാണിയെ ഒതുക്കി നേതൃപദവികള്‍ കൈപ്പിടിയിലൊതുക്കാനാണ് പി.ജെ. ജോസഫ് വിഭാഗത്തിന്റെ നീക്കം.
50 വര്‍ഷം കേരളാകോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ.എം. മാണിയുടെ അഭാവം പാര്‍ട്ടി അനുഭവിക്കുകയാണിപ്പോള്‍. സന്ദര്‍ഭം മുതലാക്കി പ്രതികരിക്കാന്‍ നേതൃനിരക്ക് കഴിയാതെ വരുന്നതും കേരളാ കോണ്‍ഗ്രസിന്റെ പ്രസക്തി ചോദ്യം ചെയ്യുന്ന നിലയിലേക്ക് എത്തിക്കുന്നുണ്ട്. പാര്‍ട്ടി വൈസ് ചെയര്‍മാനായ ജോസ് കെ.മാണി സ്വീകരിക്കുന്ന തണുപ്പന്‍ നിലപാട് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടാക്കുന്നുണ്ട്. കെ.എം. മാണിയെപ്പോലെ ഉചിതമായ സമയത്ത് നിലപാടും നീക്കങ്ങളും സ്വീകരിക്കാന്‍ ജോസ് കെ. മാണിക്ക് കഴിയുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. പാലാ ഉപതെരഞ്ഞെടുപ്പിന് മുമ്പായി കേരള കോണ്‍ഗ്രസ് അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേദിയാകും.
ഇതിനിടയില്‍ കെ.എം. മാണിയെ തുണയ്ക്കുന്നവര്ക്ക് മേധാവിത്വമുള്ള സംസ്ഥാന കമ്മിറ്റിയെയും സ്റ്റിയറിങ് കമ്മിറ്റിയെയും നോക്കുകുത്തിയാക്കി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലൂടെ അധികാരങ്ങള്‍ കൈവശപ്പെടുത്താനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം. ഇതിനു മുന്നോടിയായി മാണി വിഭാഗത്തിലെ പ്രമുഖരായ ഡെപ്യൂട്ടി ചെയര്മാന് സി.എഫ്. തോമസ് എംഎല്‍എ, ജോയ് എബ്രാഹം എന്നിവരെ ഒപ്പം കൂട്ടാനുള്ള നീക്കങ്ങള്‍ മോന്‍സ് ജോസഫ് എംഎല്‍എ യുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി ജോസഫ് വിഭാഗവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് സി.എഫ്. തോമസും ജോയ് എബ്രാഹവും. മാത്രമല്ല, ജേസ് കെ. മാണിയുമായി ഇരുവരും നല്ല ബന്ധത്തിലുമല്ല. ഈ സാഹചര്യത്തില്‍ സി.എഫ്. തോമസിനെ ഒത്തുതീര്‍പ്പ് ചെയര്‍മാനാക്കി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേക്ക് പി.ജെ. ജോസഫിനെ എത്തിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: