മട്ടാഞ്ചേരി: വിദേശ സഞ്ചാരി ഇ-വിസ (ഇലട്രോണിക് വിസ) വിതരണത്തില്‍ ഇന്ത്യക്ക് വന്‍ കുതിപ്പ്. കഴിഞ്ഞ നാല് വര്‍ഷത്തില്‍ 500 ശതമാനമാണ് വര്‍ധന. രണ്ട് വര്‍ഷത്തിനകം 300 ശതമാനമാണ് നേട്ടം. ഇന്ത്യയില്‍ വിനോദ സഞ്ചാരം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്ക്കായെത്തുന്നവര്ക്കുള്ള എമിഗ്രേഷന്‍ രേഖയാണ് ഇ- വിസ. 2015ല്‍ 5.29 ലക്ഷം വിദേശികളാണ് ഇ-വിസയിലൂടെ ഇന്ത്യയിലെത്തിയത്. 2019ല്‍ 25.15 ലക്ഷമായി.
ടൂറിസം മേഖലയെ കൂടാതെ മെഡിക്കല്‍ രംഗത്തെ ചികിത്സയും പരിശോധനകളും വാണിജ്യ- വ്യവസായ ആവശ്യങ്ങള്‍, വിവിധമേഖലകളിലെ പ്രതിനിധി സമ്മേളനങ്ങള്‍, ഉപരിപഠന, ഗവേഷണ വിദ്യാര്‍ത്ഥികള്‍ എന്നിവയാണ് ഇ- വിസയുടെ ലഭ്യത മേഖലകള്‍. 166 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഇന്ത്യയില്‍ ഇ- വിസ നല്‍കുന്നത്. രാജ്യത്തെ 28 വിമാനത്താവളങ്ങളും അഞ്ച് മേജര്‍ തുറമുഖങ്ങളും വഴിയാണ് ഇ- വിസക്കാര്‍ക്ക് രാജ്യത്ത് കടക്കാനാകുക. 72 മണിക്കൂര്‍ മുമ്പ് അപേക്ഷിക്കാമെന്നതും 32 മണിക്കൂറിനകം അനുവദിക്കുമെന്നതാണ് ഇ-വിസയുടെ നേട്ടങ്ങളിലൊന്ന്.
തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളും കൊച്ചി തുറമുഖവുമാണ് കേരളത്തിലെ ഇ-വിസ പ്രവേശന കേന്ദ്രങ്ങള്‍. നിലവിലെ ഇ-വിസ വിതരണ മേഖലകള്‍ക്കൊപ്പം സിനിമ, കായിക മേഖലകളെയും ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ആഭ്യന്തരമന്ത്രാലയങ്ങള്‍ നടത്തുന്നുണ്ട്. ഇതോടെ വിദേശസിനിമ ചിത്രീകരണങ്ങളടക്കമുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്ത്യയില്‍ സാധ്യത വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഇ-വിസ കുതിപ്പിലൂടെ കടലാസ് വിസകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി ആഭ്യന്തര വകുപ്പിലെ എമിഗ്രേഷന്‍ വിഭാഗം പറയുന്നു. 2015-2016ല്‍ 45 ലക്ഷം കടലാസ് വിസയില്‍ നിന്ന് 2018-19ല്‍ 35 ലക്ഷത്തിലും കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 2018ല്‍ മാത്രം ഇ-വിസയിലൂടെയുള്ള വിദേശികളുടെ വരവില്‍ 40 ശതമാനമാണ് വര്‍ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: