കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിന്റെ വിചാരണ നടപടികള്‍ കൊച്ചി എന്‍ഐഎ പ്രത്യേക കോടതി ഈ മാസം 25 ലേക്ക് മാറ്റി. പ്രതികളില്‍ പലരും ബെംഗളൂരു സ്ഫോടനക്കേസിലും പ്രതികളായി ജയിലിലായതിനാല്‍ ഈ കേസിന്റെ വിചാരണ നടപടികളുടെ റിപ്പോര്‍ട്ട് കൊച്ചി എന്‍ഐഎ കോടതി തേടിയിട്ടുണ്ട്.
ഇന്നലെയാണ് കളമശ്ശേരി ബസ് കത്തിക്കല്‍ കേസിന്റെ പ്രാരംഭ വിചാരണ നടപടികള്‍ ആരംഭിച്ചത്. കേസില്‍ ജാമ്യത്തിലുള്ള ആറുപ്രതികളും കോടതിയില്‍ ഹാജരായെങ്കിലും ബെംഗളൂരു ജയിലിലുള്ള ഒന്നാം പ്രതി തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി, താജുദീന്‍, ഉമ്മര്‍ ഫറൂഖ് എന്നിവരും, വിയ്യൂര്‍ ജയിലിലുള്ള അനൂപും കോടതിയില്‍ എത്തിയില്ല. ഒന്നാം സാക്ഷിയും കത്തിയ ബസ്സിലെ ഡ്രൈവറുമായ കൃഷ്ണസ്വാമിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചെങ്കിലും എത്തിയില്ല. തുടര്‍ന്നാണ് 25ലേക്ക് വിചാരണ മാറ്റിയത്. അന്ന് പ്രതികളെല്ലാം ഹാജരാകണമെന്ന് നിര്‍ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2005 സെപ്തംബര്‍~ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസ് രാത്രി 9.30ന് പ്രതികള്‍ തോക്കുചൂണ്ടി തട്ടിയെടുത്തു. കളമശ്ശേരിയിലെ വിജനമായ സ്ഥലത്ത് വെച്ച് യാത്രക്കാരെ ഇറക്കിവിട്ട ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ബസ് കത്തിച്ചത്.
















