തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനു സമീപം നഗരസഭയുടെ ഉള്ളൂര്‍ ഗസ്റ്റ് ഗൗസ് നടത്തിപ്പിലൂടെ സിപിഎം നേടിയത് ലക്ഷങ്ങള്‍. നഗരസഭ നേരിട്ടു നടത്തിയിരുന്ന ഗസ്റ്റ് ഹൗസ് മൂന്നു വര്‍ഷം മുന്‍പ് സിപിഎമ്മിന് വിട്ടുകൊടുത്തത് വിവാദമായിരുന്നു. ദേശാഭിമാനിയില്‍ പരസ്യം നല്‍കി ടെന്‍ഡര്‍ വിളിക്കുകയും സിപിഎം ജില്ലാ കമ്മറ്റിയുടെ വിലാസത്തില്‍ ടി ആര്‍ അനില്‍ എന്നയാള്‍ മാത്രം ലേലം വിളിച്ച് കരാര്‍ എടുക്കുകയുമായിരുന്നു.
ലേലത്തിന്റെ അടിസ്ഥാനത്തില്‍ ഇ.കെ നായനാര്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് നഗരസഭ ഗസ്റ്റ് ഹൗസ് വിട്ടുകൊടുത്തു. ഇതു സംബംന്ധിച്ച് 2016 മാര്‍ച്ച് 30 ന് എഴുതിയ കരാറുതന്നെ നിയമ പരമല്ല. നഗരസഭാ സെക്രട്ടറിക്ക് നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എഴുതികൊടുക്കുന്ന കരാറില്‍ ട്രസ്റ്റിയുടെ പേരില്ല. സിപിഎം ജില്ലാ കമ്മറ്റി ഓഫിസ് വിലാസമായി കാണിച്ചുകൊണ്ടുള്ള സീലില്‍ രജിസ്ട്രര്‍ നമ്പര്‍ ഇല്ല. തട്ടിക്കൂട്ട് തട്ടിപ്പ് ട്രസ്റ്റാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകും.
2016 ഏപ്രില്‍ ഒന്നുമുതല്‍ മൂന്നു വര്‍ഷത്തേക്കാണ് നായനാര്‍ ട്രസ്റ്റിന് കരാര്‍ കൊടുത്തത്. 35 ഡബിള്‍ മുറികളും 42 സിംഗിള്‍ മുറികളും ഉള്ള കെട്ടിടത്തിന് പ്രതിമാസം 2,45,180 രുപയായിരുന്നു കോര്‍പ്പറേഷന് നല്‍കേണ്ടിയിരുന്നത്. മുറികള്‍ക്കു പുറമെ വിപുലമായ ക്യാന്റീൻ സൗകര്യവും വിട്ടുകൊടുത്തു. സിംഗിള്‍ മുറിക്ക് പ്രതിദിനം 125 രൂപയും ഡബിള്‍ മുറിക്ക് 200 രുപയും വാടക ഈടാക്കാമെന്നും കരാറില്‍ വ്യക്തമാക്കി. കരാര്‍ പ്രകാരമുള്ള പണം ഈടാക്കിയാല്‍ മാത്രം പ്രതിവര്‍ഷം 40.50 ലക്ഷം രൂപയാണ് ലഭിക്കുന്നത്. മുന്നു വര്‍ഷം കൊണ്ട് 1.22 കോടി. ക്യാന്റ്റീനിലെ വരുമാനം വേറെ.
കരാര്‍ തുകയുടെ ഇരട്ടിവരെ തുകയ്‌ക്കാണ് മുറികള്‍ നല്‍കിയിരുന്നത്. അതിനാല്‍ മൂന്നു വര്‍ഷം കൊണ്ട് കുറഞ്ഞത് രണ്ടു കോടി രുപയെങ്കിലും വാടക ഇനത്തില്‍ നായനാര്‍ ട്രസ്റ്റിന് ലഭിച്ചു. നഗരസഭയ്‌ക്ക് അടയ്‌ക്കണ്ടിയിരുന്നത് 88.26 ലക്ഷം മാത്രം. അതില്‍ 9 മാസത്തെ വാടകയായ 22.06 ലക്ഷം രൂപ നഗരസഭ എഴുതി തള്ളുകയും ചെയ്തു. അറ്റകുറ്റപണിയുടെ പേരുപറഞ്ഞ് 2017 ആഗസ്റ്റ് 25 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് 9 മാസത്തെ വാടക ഒഴിവാക്കിയത്.
ഗസ്റ്റ് ഹൗസ് നടത്തിപ്പുമാത്രമാണ് നായനാര്‍ ട്രസറ്റിന് നല്‍കിയതെങ്കിലും വലിയ കെട്ടിടവും അതിരിക്കുന്ന 71 സെന്റ് സ്ഥലവും സിപിഎം സ്വന്തം പോലെ ഉപയോഗിക്കുകയായിരുന്നു. നായനാര്‍ ട്രസ്റ്റ് വക കെട്ടിടം എന്ന നിലയില്‍ വലിയ ബോര്‍ഡും വെച്ചു. മന്ത്രി കടംകപള്ളി സുരേന്ദ്രന്റെ ഓഫീസ് ഉള്‍പ്പെടെ സിപിഎമ്മിന്റെ പ്രവര്‍ത്തന കേന്ദ്രമായും ഇവിടെ മാറി.
മൂന്നു വര്‍ഷം കഴിയുമ്പോള്‍ സ്വമേധയാ ഒഴിയണം എന്നതാണ് കരാര്‍. കഴിഞ്ഞ മാര്‍ച്ച് 31 ന് കാലാവധി തീര്‍ന്നു. ഇതുവരെ ഒഴിഞ്ഞു കൊടുത്തിട്ടില്ല. കരാര്‍ നീട്ടികൊടുക്കാനുള്ള നീക്കമാണ് മേയറുടെ ഭാഗത്തുനിന്ന് ഉള്ളത്.
















