പാലാ : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യം നീട്ടി. കേസ് നടപടിയുടെ പാല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നീട്ടിയത്. അടുത്തമാസം ഏഴിന് കേസ് വീണ്ടും പരിഗണിക്കും. കേസിന്റെ വിചാരണയ്‌ക്കായി ഫ്രാങ്കോ കോടതിയില്‍ ഹാജരായിരുന്നു.
കുറ്റപത്രത്തിന്റേയും അനുബന്ധരേഖകളുടേയും പകര്‍പ്പുകള്‍ കോടതി ഫ്രാങ്കോയ്‌ക്ക് കൈമാറി. പാല കോടതി തന്നെയാണ് അടുത്ത തവണയും കേസ് പരിഗണിക്കുക. അതിനുശേഷം കോട്ടയം സെക്ഷന്‍ കോടതിയിലേക്ക് കേസ് മാറ്റും.
ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവില്‍ വയ്‌ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളാണ് കേസില്‍ ളള്ളത്.
















