കൊച്ചി: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു തൃശൂർ പൂരത്തില്ഡ വിലക്കേർപ്പെടുത്തിയ വിഷയത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കളക്ടർ അധ്യക്ഷനായ സമിതിയാണെന്നും കോടതി വ്യക്തമാക്കി.
ആനയ്‌ക്കു വിലക്കേർപ്പെടുത്തിയ തൃശൂർ കളക്ടറുടെ നടപടി ചോദ്യം ചെയ്തായിരുന്നു ഹർജി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാതെ പൂരത്തിനും മറ്റു പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകൾ തീരുമാനമെടുത്തതോടെയാണ് പൂരം പ്രതിസന്ധിയിലായത്. തുടർന്നു മന്ത്രിമാരും ആനയുടമകളും തമ്മിൽ ചർച്ച നടത്തിയെങ്കിലും കോടതിവിധിക്കായി കാത്തിരിക്കുകയായിരുന്നു.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന വിഷയത്തിൽ കോടതി ഉത്തരവ് നടപ്പാക്കുമെന്ന് കളക്ടർ ടി.വി. അനുപമ ഇന്നലെയും ആവർത്തിച്ചിരുന്നു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ മറ്റ് അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ലെന്നും കളക്ടർ പറഞ്ഞിരുന്നു.
















