കോട്ടയം: കെ.എം. മാണിയുടെ മരണത്തിന് ശേഷം കോണ്‍ഗ്രസിനേയും പി.ജെ. ജോസഫിനെയും വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ ലേഖനം. പത്രാധിപര്‍ ഡോ കുരിയാക്കോസ് കുമ്പളക്കുഴി എഴുതിയ ലേഖനത്തിലാണ് വരെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ബാര്‍ കോഴ വിവാദം സത്യവും മിഥ്യയും എന്ന പേരില്‍ കേരളാ കോണ്‍ഗ്രസ് പുറത്തിറക്കുന്ന പുസ്തകത്തിലെ ഒരധ്യായമാണ് പ്രതിച്ഛായയില്‍ ലേഖനമായി ഉള്‍പ്പടുത്തിയിട്ടുള്ളത്.
തരം കിട്ടിയാല്‍ മാണിയെ തകര്‍ക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നതെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവരെന്നാണ് മാണി ഇങ്ങനെയുള്ളവരെ വിശേഷിപ്പിച്ചത്. അമ്പത് വര്‍ഷത്തോളം കാത്തിരുന്നശേഷമാണ് ശത്രുക്കള്‍ക്ക് മാണിക്കെതിരെയുള്ള ആയുധമായി ബാര്‍ കോഴക്കേസ് കിട്ടുന്നത്. ആ സമയത്ത് ശത്രുക്കളോട് സീസറിനെ പോലെ ഹാ ബ്രൂട്ടസേ നീയും എന്ന് ലെ നിലവിളിക്കാനെ മാണിക്ക് സാധിച്ചിരുന്നുള്ളൂ എന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
ബാര്‍ കോഴക്കേസ് പുറത്തുവന്ന 2014 ഒക്ടോബര്‍ 31 ന് തന്നെ കെ.എം. മാണി എന്നയാളുടെ രാഷ്‌ട്രീയ ജീവിതത്തിന്റെ പതനവും ആരംഭിച്ചു. ഈ അവസരം മുതലാക്കി ശത്രുക്കള്‍ ഇടയനെ അടിക്കുക ആടുകള്‍ ചിതറട്ടെ എന്ന രീതിയാണ് നടപ്പിലാക്കിയത്. സംസ്ഥാന രാഷ്‌ട്രീയത്തില്‍ നിന്നും കേരളാ കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കാനുള്ള ശ്രമം പലതവണ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് നേതാവിനെ ഇല്ലാതാക്കാന്‍ മുതിരുന്നത്.
ബാര്‍ കോഴയെ തുടര്‍ന്ന് വേണ്ടിവന്നാല്‍ മന്ത്രി സ്ഥാനം രാജി വച്ച് പ്രതിഷേധിക്കാമെന്നും മന്ത്രി സഭയെ പുറത്തു നിന്ന് പിന്തുണയ്‌ക്കാമെന്നും മാണിയും കേരളാ കോണ്‍ഗ്രസ്സിനോട് താത്പ്പര്യമുള്ളവരും അറിയിച്ചിരുന്നു. അപ്പോള്‍ ഔസേപ്പച്ചന്‍ സമ്മതിക്കുമോ എന്ന്് മാണിയുടെ സന്ദേഹപ്പെട്ടിരുന്നെന്നും പ്രതിച്ഛായ പറയുന്നു.
അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയേയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. നാല്‍പ്പത്തഞ്ച് ദിവസത്തിനകം ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്ന ഉറപ്പില്‍ തുടങ്ങിയ ബാര്‍കോഴ വിജലന്‍സ് അന്വേഷണം നീണ്ട് പോയതില്‍ ചതിയുണ്ടായിരുന്നോ അതോ മാണിയെ ജയിലിലടക്കാനുള്ള നീക്കമായിരുന്നോ അതെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്.
















