കോഴിക്കോട്: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലപാടില്‍ ഹിന്ദുഐക്യവേദിയോ ശബരിമല കര്‍മസമിതിയോ മാറ്റം വരുത്തിയിട്ടില്ലെന്ന് കെ.പി. ശശികല ടീച്ചര്‍. ആചാരങ്ങള്‍ മാറ്റേണ്ടതില്ലെന്ന തുടക്കം മുതല്‍ക്കുള്ള അഭിപ്രായം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും ശശികല ടീച്ചര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അനാചാരങ്ങള്‍ ഒഴിവാക്കേണ്ടതുതന്നെയാണ്. ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്നത് അനാചാരമല്ല, ആചാരവൈവിധ്യമാണ്. അതുകൊണ്ടാണ് ശബരിമലയെക്കുറിച്ച് വ്യക്തമായി അറിയുന്ന കേരളത്തിലെ യുവതികളാരും ശബരിമലയില്‍ പോകണമെന്നാവശ്യപ്പെട്ട് കേസിന് പോകാതിരുന്നത്. ഇത്തരം ആചാരവിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടത് തന്ത്രിമാരും ആചാര്യന്മാരുമാണ്. അതിന് വ്യവസ്ഥാപിതമായ സംവിധാനവുമുണ്ട്. അതിലൂടെ മാത്രമേ ആചാരങ്ങള്‍ പരിഷ്‌കരിക്കാവൂയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
വിശ്വാസികളും ആചാര്യന്മാരുമായി ചര്‍ച്ച ചെയ്യാതെ അധികാരമുപയോഗിച്ച് ഇടതു സര്‍ക്കാര്‍ വിഷയം രാഷ്‌ട്രീയമായി കൈകാര്യം ചെയ്തതാണ് പ്രശ്‌നം വഷളാക്കിയത്. സര്‍ക്കാരിന്റെ ഈ അന്യായ ഇടപെടല്‍ ശബരിമലയില്‍ മാത്രമല്ല തൃശൂര്‍ പൂരത്തിലും ആറ്റുകാല്‍ പൊങ്കാലയിലും ചെട്ടിക്കുളങ്ങര ചൂരല്‍കുത്തിലും തുടങ്ങി ഹിന്ദുവിശ്വാസികളുടെ പല ആചാരങ്ങളിലും ഉണ്ടാകുന്നതായും ടീച്ചര്‍ പറഞ്ഞു.
















