മണ്ണുത്തി: കേരള കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് ഐസിഎആര്‍ അക്രെഡിറ്റേഷന്‍ നഷ്ടപ്പെട്ടു. ഐസിഎആര്‍ അംഗീകാരമുള്ള സര്‍വകലാശാലകളുടെ പട്ടികയില്‍ നിന്ന് കാര്‍ഷിക സര്‍വകലാശാല പുറത്തായി. കേരളത്തില്‍ നിന്ന് വെറ്ററിനറി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല എന്നിവയ്‌ക്ക് അംഗീകാരമുണ്ട്.
2019 മാര്‍ച്ച് 10നു മുന്‍പായിരുന്നു അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനുള്ള റിപ്പോര്‍ട്ട് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് നല്‍കേണ്ടിയിരുന്നത്. യഥാസമയം റിപ്പോര്‍ട്ട് നല്‍കിയില്ല. സര്‍വകലാശാലയിലെ ഡീന്‍, ഡയറക്ടര്‍, രജിസ്ട്രാര്‍ തുടങ്ങിയ ഉന്നത തസ്തികകളില്‍ രാഷ്‌ട്രീയ പരിഗണനയുടെ പേരില്‍ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ ചാര്‍ജ് നല്‍കിയതും അക്രഡിറ്റേഷന്‍ നഷ്ടമാകാന്‍ കാരണമായി. ഗുണമേന്മ ഉയര്‍ത്താനുള്ള ഐസിഎആറിന്റെ നിര്‍ദേശങ്ങളും കാര്‍ഷിക സര്‍വ്വവകലാശാല നടപ്പാക്കിയില്ല. അക്രഡിറ്റേഷന്‍ നഷ്ടപ്പെട്ടാല്‍ സര്‍വ്വകലാശാലയുടെ ഡിഗ്രികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നഷ്ടപ്പെടും. ഐസിഎആര്‍ അനുവദിച്ച ഗ്രേസ് പീരിയഡിനുള്ളില്‍ പുതിയ റിപ്പോര്‍ട്ട് നല്‍കി അക്രഡിറ്റേഷന്‍ നേടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
















