കൊച്ചി: രാഷ്‌ട്രഹിതത്തിനായി സ്വജീവിതം സമര്‍പ്പിച്ച പ്രമുഖചിന്തകനും വാഗ്മിയും സംഘാടകനുമായ ദത്തോപന്ത് ഠേംഗഡിയുടെ ജീവിതദര്‍ശനത്തിന്റെ മലയാള പരിഭാഷ – ദിശാദര്‍ശനം ഈ മാസം 14ന് പ്രകാശനം ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസിന്റെ സ്ഥാപകനും പ്രേരണാദാതാവുമായ ഠേംഗഡിയുടെ ചിന്തകള്‍ സമാഹരിച്ചത് അമര്‍നാഥ് ഡോഗ്രയാണ്. പി. നാരായണന്‍, യു. ഗോപാല്‍ മല്ലര്‍, രാമന്‍ കീഴന, ബാബു അരൂര്‍, കുഞ്ഞപ്പന്‍ കൊല്ലങ്കോട്, കെ.ബി. മധുസൂദനന്‍, ഡോ. ലക്ഷ്മി വിജയന്‍, ഡോ.സിന്ധുരവി, കെ.ആര്‍. ജയകൃഷ്ണന്‍, ശരത് എടത്തില്‍ എന്നിവരാണ് പത്ത് വാല്യങ്ങളിലായുള്ള ഗ്രന്ഥസമുച്ചയത്തിന്റെ പരിഭാഷ നിര്‍വഹിച്ചത്.
എറണാകുളം ടൗണ്‍ഹാളില്‍ വൈകിട്ട് അഞ്ചിന് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി പ്രകാശനകര്‍മ്മം നിര്‍വഹിക്കും. മുതിര്‍ന്ന നിയമജ്ഞന്‍ അഡ്വ.കെ. രാംകുമാര്‍ പുസ്തകം ഏറ്റുവാങ്ങും. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ അധ്യക്ഷത വഹിക്കും. ബിഎംഎസ് അഖില ഭാരതീയ അധ്യക്ഷന്‍ അഡ്വ.സി.കെ.സജി നാരായണന്‍ പുസ്തകം പരിചയപ്പെടുത്തും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി. നാരായണന്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും.
കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ സി.കെ. രാധാകൃഷ്ണന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ഷാബുപ്രസാദ് നന്ദിയും പറയും. പരിഭാഷകര്‍ക്കുള്ള ഉപഹാരസമര്‍പ്പണം വിശിഷ്ടാതിഥികള്‍ നിര്‍വഹിക്കും. കുരുക്ഷേത്ര ബുക്‌സാണ് ‘ദിശാദര്‍ശന’ത്തിന്റെ പ്രസാധകര്‍.
















