തൃശൂര്‍: പൂരം പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട അനുരഞ്ജന നീക്കങ്ങള്‍. അതേസമയം, തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി വിധി നിര്‍ണായകമാകും. വിലക്കേര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മറ്റാനകളേയും പൂരത്തിന് അയയ്‌ക്കില്ലെന്ന നിലപാടിലാണ് ഉടമകളുടെ സംഘടന.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന വിഷയത്തില്‍ കോടതി ഉത്തരവ് നടപ്പാക്കുമെന്ന് കളക്ടര്‍ ടി.വി. അനുപമ ഇന്നലെയും ആവര്‍ത്തിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ മറ്റ് അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കളക്ടര്‍ പറഞ്ഞു. പൂരവും ഉത്സവാഘോഷങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വനംവകുപ്പിന്റേയും ജില്ലാ ഭരണകൂടങ്ങളുടേയും കടുത്ത നിയന്ത്രണങ്ങള്‍ മൂലം ഉത്സവാഘോഷങ്ങളുടെ ഭാഗമായ ആനയെഴുന്നെള്ളിപ്പുകളും വെടിക്കെട്ടും ഇല്ലാതായി കൊണ്ടിരിക്കുകയാണ്.സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കേരള ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വഞ്ചനാദിനമായി ആചരിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര, ഭാരവാഹികളായ എ.എ. കുമാരന്‍, പ്രൊഫ. എന്‍. രാധാകൃഷ്ണന്‍, ഹരിദാസ് പാടാശേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















