ആലപ്പുഴ: പാലം നിര്‍മാണത്തില്‍ വീഴ്ച കാട്ടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ഉപയോഗിച്ച് നടപടി സ്വീകരിക്കുന്ന കാര്യം നിയമ വകുപ്പുമായി ആലോചിക്കുന്നെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. പാലാരിവട്ടം പാലത്തില്‍ കണ്ടെത്തിയ അപാകങ്ങള്‍ പരിഹരിക്കുന്നതിന് ചെന്നൈ ഐഐടി നിര്‍ദേശിച്ച പ്രവൃത്തിയുടെ സാങ്കേതിക ഉപദേശങ്ങള്‍ക്കും പരിശോധനകള്‍ക്കുമായി വിദഗ്ധ സമിതിയെ നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ ഐഐടിയിലെ വിദഗ്ധര്‍ നിര്‍ദേശിച്ച പരിഹാര നടപടികള്‍ അവരുടെ മേല്‍നോട്ടത്തിലാണ് ചെയ്യുന്നത്. സര്‍ക്കാരിനു വേണ്ടി പരിശോധിക്കുന്നതിനും പിന്തുണ നല്‍കുന്നതിനും കൃത്യത ഉറപ്പുവരുത്തുന്നതിനുമാണ് സമിതിയെ നിയോഗിച്ചത്. പൊതുമരാമത്ത് വകുപ്പിലെ ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ അശോക് കുമാര്‍ കണ്‍വീനറായും, ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചിനീയര്‍ മനോമോഹന്‍, പൊതുമരാമത്ത് വകുപ്പില്‍ നിന്നു ചീഫ് എഞ്ചിനീയറായി വിരമിച്ച ജീവരാജ് എന്നിവര്‍ അംഗങ്ങളായുള്ള വിദഗ്ധ സമിതിയെയാണ് നിയമിച്ചത്.
ദേശീയപാത വികസനത്തില്‍ കേരളത്തെ മുന്‍ഗണന പട്ടികയില്‍ നിന്നൊഴിവാക്കിയത് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും, വിഷയത്തില്‍ വിവാദത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി.
















