സാലിം സാലി, ചൈത്രലക്ഷ്മി, ഫെമി
കോഴിക്കോട്: കുഞ്ഞുണ്ണിമാഷുടെ സ്മരണയ്‌ക്കായി കുഞ്ഞുണ്ണി അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് കുട്ടേട്ടന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയല്‍ ടീച്ചര്‍ എജ്യുക്കേഷനല്‍ കോളേജിലെ ബിഎഡ് വിദ്യാര്‍ത്ഥി സാലിം സാലി (കവിത), ഷൊര്‍ണൂര്‍ വിഷ്ണു ആയുര്‍വേദ കോളജിലെ നാലാം വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥി ചൈത്രലക്ഷ്മി (കഥ), ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥി ഫെമി (ഉപന്യാസം) എന്നിവരാണ് പുരസ്‌കാരത്തിനര്‍ഹരായത്.
ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ ബാബു, കുഞ്ഞുണ്ണി മാഷിന്റെ അനന്തിരവള്‍ ഉഷ കേശവരാജ്, ഗണേഷ് പന്നിയത്ത് എന്നിവരായിരുന്നു പുരസ്‌കാര നിര്‍ണയസമിതി അംഗങ്ങള്‍. ആര്‍ട്ടിസ്റ്റ് മദനന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 12ന് രാവിലെ 11ന് തിരുവണ്ണൂരിലെ സ്വാതി കലാകേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് അനുസ്മരണസമിതി കണ്‍വീനര്‍ ലത്തീഫ് പറമ്പില്‍ അറിയിച്ചു.
















