ശശിധരന്‍ പിള്ള, പ്രതി റസിഡുല്‍ പ്രമാണിക്
കൊട്ടിയം: അന്യസംസ്ഥാന തൊഴിലാളിയുടെ അടിയേറ്റ് നിലത്തു വീണ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.തഴുത്തല കിഴവൂര്‍, നീരൊഴുക്കില്‍ ചരുവിള വീട്ടില്‍ ശശിധരന്‍ പിള്ള (58) ആണ് മരിച്ചത്.
പശ്ചിമ ബംഗാള്‍, കുച്ച് ബിഹാര്‍, പശ്ചിം ഹേമകുമാരി സ്വദേശി റസി ഡുല്‍ പ്രമാണിക് (25) ആണ് അറസ്റ്റിലായത്.മുഖത്തല ഇ.എസ്.ഐ. ജംഗ്ഷനിലുള്ള കശുവണ്ടി ഫാക്ടറിയില്‍ വാച്ച്മാനായി ജോലി നോക്കി വരികയായിരുന്ന ശശിധരന്‍ പിള്ള കമ്പനിയ്‌ക്കകത്തേക്ക് താല്‍ക്കാലിക തൊഴിലാളിയായ ബംഗാളി യുവാവിനെ കയറ്റി വിടാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റിലായ ബംഗാളി യുവാവ് ഇദ്ദേഹത്തെ അടിച്ചു താഴെയിടുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ തലയ്‌ക്ക് പരിക്കേറ്റ ശശിധരന്‍ പിള്ളയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രുഷകള്‍ നല്‍കി വീട്ടിലേക്ക് അയച്ചെങ്കിലും രാത്രിയോടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഇദ്ദേഹത്തെ ആദ്യം ഇ.എസ്.ഐ.ആശുപത്രിയിലും പിന്നിട് മേവ റത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രിയില്‍ മരണമടയുകയായിരുന്നു.ഇക്കഴിഞ്ഞ അഞ്ചാം തീയതി രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.
സംഭവത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ചാത്തന്നൂര്‍ എ.സി.പി.സുരേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം കൊട്ടിയം സി.ഐ.വി ജയരാഘവന്‍, എസ്.ഐ.മാരായ സഫീര്‍,സന്തോഷ് കുമാര്‍, പ്രമോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
















