കണ്ണൂര്‍: ഇടത് മുന്നണിയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതില്‍ സി.കെ.ജാനുവിന് പരാതി. ജെആര്‍എസ് രൂപീകരിച്ച് എന്‍ഡിഎയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജാനു ജെആര്‍പി എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് എല്‍ഡിഎഫിലെത്തിയത്.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ട് ചര്‍ച്ചയ്ക്ക് തുടക്കമിട്ടാണ് എല്‍ഡിഎഫ് പ്രവേശനം സാധ്യമാക്കിയത്. സിപിഐ സ്ഥിരമായി മത്സരിക്കുന്ന സീറ്റെന്ന നിലയില്‍ കാനത്തിന്റെ പ്രീതി പിടിച്ചുപറ്റി വയനാട് ലോക്സഭാ മണ്ഡലത്തില്‍ സാധ്യമെങ്കില്‍ മത്സരിക്കാമെന്ന മോഹം കൂടി കാനവുമായുള്ള കൂടിക്കാഴ്ചകളിലും ചര്ച്ചകളിലുമുണ്ടായിരുന്നു. എന്നാല്‍ സിപിഐ പി.പി.സുനീറിനെ സ്ഥാനാര്‍ത്ഥിയാക്കി പ്രവര്‍ത്തനവുമായി മുന്നോട്ട് പോയതോടെ പ്രതീക്ഷ അസ്ഥാനത്തായി.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗത്തും സി.കെ.ജാനുവിനും ജെആര്‍പിയുടെ മറ്റ് നേതാക്കള്‍ക്കും കുറഞ്ഞ പരിഗണന മാത്രമേ ലഭിച്ചുള്ളു. വയനാട് ജില്ലയില്‍ പോലും പല സ്ഥലങ്ങളിലും ജാനുവിനെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയോഗിച്ചില്ല. നേരത്തെ ആദിവാസി ഗോത്രമഹാസഭയുടെ സജീവ സാന്നിധ്യമായ ജാനുവിന് ആദിവാസി മേഖലകളില്‍ ഇപ്പോള്‍ നാമമാത്രമായ പരിഗണന മാത്രമേയുള്ളു എന്ന് എല്‍ഡിഎഫിനും തിരിച്ചറിവുണ്ട്. ജെആര്‍എസില്‍ ജാനുവിന്റെ കൂടെ നിന്ന ജനസ്വാധീനമുള്ള നേതാക്കളില്‍ പലരും ഇന്ന് പുറത്താണ്.
ചില സ്ഥലങ്ങളില്‍ ജാനുവിന്റെ സാന്നിധ്യം ആദിവാസി മേഖലകളിലുള്ള പരമ്പരാഗത വോട്ടുകള്‍ പോലും നഷ്ടമാക്കുമെന്നും ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം എല്‍ഡിഎഫ് പരിമിതപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനം വന്നതിന് ശേഷം അര്‍ഹിക്കുന്ന പരിഗണന ലഭിക്കുമെന്ന ഏക പ്രതീക്ഷയിലാണ് ഇപ്പോള്‍ ജെആര്‍പി നേതൃത്വം. ഇടത്പക്ഷ അനുകൂല നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ തിരിച്ചെന്തെങ്കിലും നിലപാടെടുത്താല്‍ അപ്പോള്‍ ആലോചിക്കാമെന്നുമാണ് ജെആര്‍പി നേതാക്കള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: