തൃശൂര്‍: പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന ആന ഉടമകളുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. പൂരത്തിന് തെക്കേഗോപുരനട തുറക്കല്‍ ചടങ്ങിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുവാദം തേടിയുള്ള ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
കോടതി വിധി വരുന്നതിന് മുമ്പ് ആനയുടമകള്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്തു കൊണ്ടാണെന്ന് മന്ത്രി ചോദിച്ചു. പ്രശ്‌ന പരിഹാരത്തിന് ആരുമായും ചര്‍ച്ചയ്‌ക്ക് തയാറാണ്. ഇന്ന് ആനയുടമകളുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും.
ആനയുടമകള്‍ തീരുമാനം പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പൂരത്തിന് ആനകളെ വിട്ടുനല്‍കാമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചിട്ടുണ്ട്. ആനകളെ വിട്ടുനല്‍കില്ലെന്ന ഉടമകളുടെ തീരുമാനത്തിന് പിറകേ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ചര്‍ച്ച നടത്തി.
സമൂഹ മാധ്യമത്തിലിട്ട പോസ്റ്റിലാണ് പൂരമടക്കമുള്ള ഉത്സവങ്ങള്‍ക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുവദിക്കില്ലെന്ന് വനം മന്ത്രി കെ. രാജു വ്യക്തമാക്കിയത്. ആനയെ തെച്ചിക്കോട്ടുകാവ് ദേവസ്വം പീഡിപ്പിക്കുകയാണെന്നും ജീവനു വില കല്‍പിക്കാത്തവരാണെന്നും പോസ്റ്റില്‍ മന്ത്രി ആരോപിച്ചിരുന്നു.
















