കോഴിക്കോട്: ദിവ്യാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സക്ഷമ എന്ന സംഘടന മുന്നോട്ടു പോകുന്നത് ത്യാഗത്തിന്റെ ചക്രങ്ങളിലാണെന്ന് സക്ഷമ സംസ്ഥാന അധ്യക്ഷന്‍ എന്‍.ആര്‍. മേനോന്‍. ലക്ഷ്യം പോലെ തന്നെ മാര്‍ഗവും ശ്രേഷ്ഠമായിരിക്കണമെന്ന് സക്ഷമ കരുതുന്നതായും അദ്ദേഹം പറഞ്ഞു. സക്ഷമ കോഴിക്കോട് ജില്ലാ സമിതി സംഘടിപ്പിച്ച ഭക്തസൂര്‍ദാസ് ജയന്തി ആഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജന്മനാ അന്ധനായ ഭക്തസൂര്‍ദാസ് അടങ്ങാത്ത കൃഷ്ണഭക്തി കൊണ്ടുമാത്രം മുന്നോട്ടുപോയ കവിയും ഗായകനുമായിരുന്നെന്ന് സൂര്‍ദാസ് അനുസ്മരണപ്രഭാഷണം നടത്തിയ എന്‍ടിയു സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സൂര്‍ദാസിനെ പോലുള്ളവരെ മാതൃകയാക്കി ഭാരതീയ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കാതെ നാം മുന്നോട്ടുപോകണം. കുറവുകളെപ്പറ്റി ചിന്തിക്കാതെ കഴിവുകളെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കണം. അങ്ങനെ ജീവിതം അര്‍ഥവത്താക്കി സമൂഹത്തിനൊന്നാകെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിട്ട. ബ്രിഗേഡിയര്‍ പി.ടി. ഗംഗാധരന്‍ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. സക്ഷമ ജില്ലാ പ്രസിഡന്റ് ഡോ. സി. ആത്മദേവ് അധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മോഹനന്‍ കോറോത്ത്, പ്രജിത് ജയപാല്‍, ബാലന്‍ പൂതേരി എന്നിവര്‍ സംസാരിച്ചു.
















