അഴിമതിരഹിതമായ അഞ്ചു വര്‍ഷത്തെ ഭരണത്തിലൂടെ, ഭാരതത്തെ പുരോഗതിയുടെ പാതയിലെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ശ്രമം വിജയം കണ്ടു എന്നതിന്റെ തെളിവാണ് പ്രതിപക്ഷ നിരയിലെ അസ്വസ്ഥത. അന്തര്‍ദ്ദേശീയതലത്തില്‍ മോദിയിലൂടെ വമ്പിച്ച സ്വീകാര്യതയാണു ഭാരതത്തിനു ലഭിച്ചത്. വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും സാമ്പത്തിക വളര്‍ച്ചയിലും ചൈനയെ പിന്തള്ളിക്കൊണ്ടാണ് രാജ്യം കുതിക്കുന്നത്. ഇതിന്റെയൊക്കെ ഫലം താഴേത്തട്ടിലെ തീര്‍ത്തും പാവപ്പെട്ടവരില്‍ വരെ എത്തുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. അസംഘടിതരായ തൊഴിലാളികള്‍ക്കുവരെ പെന്ഷന് ലഭിക്കാനും സൗജന്യ ആരോഗ്യസുരക്ഷ അനുഭവിക്കാനും മാര്‍ഗ്ഗങ്ങളായി. ദാരിദ്രൃരേഖക്ക് താഴെയുള്ളവര്‍ക്ക് പാചകവാതകം സൗജന്യമായി ലഭിക്കുന്നു.
അഴിമതി മുക്ത ഭരണം വെറും മരീചികയല്ലെന്നു തെളിയിച്ച മോദി, അഴമതിക്കെതിരായ പോരാട്ടം തുടര്‍ന്നാല്‍ പലരുടേയും മുഖംമൂടി അഴിഞ്ഞുവീഴുമെന്നു തീര്‍ച്ചയായി. ഇപ്പോള്‍ത്തന്നെ രാഹുല്‍ ഗാന്ധിയടക്കം പലരും പല കേസുകളിലായി ജാമ്യത്തിലാണ്. പല കേസുകളും വരാനിരിക്കുന്നു. മോദിയെ താഴെയിറക്കാന്‍ മുറവിളി കൂട്ടിക്കൊണ്ട് മഹാസഖ്യത്തിലേര്‍പ്പെട്ടിട്ടുള്ള രാഷ്ട്രീയകക്ഷികളെല്ലാംതന്നെ അഴിമതിയുടെ ചെളിക്കുണ്ടില്ക്കിടന്നു സ്വയരക്ഷയ്ക്കായി പൊരുതുന്നവരാണെന്നു വ്യക്തം. അവരില്‍ ഏറ്റവും ശ്രദ്ധേയയാണ് അഴിമതി അന്വേഷണത്തിനെത്തിയ സിബിഐയെ തടയാനും സത്യഗ്രഹത്തിനും ഒരുങ്ങിയ മമത ബാനര്‍ജി എന്ന ബംഗാള്‍ മുഖ്യമന്ത്രി. അവരുടെ നാടകത്തിനൊപ്പം അണിനിരക്കാന്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം ഉണ്ടായിരുന്നു എന്നത് ഇതിനു വ്യക്തമായ ഉദാഹരണം.
നരേന്ദ്ര മോദിയെ രാഷ്ട്രീയ എതിരാളി എന്നതിനപ്പുറം ജന്മശത്രുവായി കാണാന്‍ മമത ശ്രമിക്കുന്നത് പരിഭ്രാന്തികൊണ്ടു തന്നെയാണ്. നാടിനെ പേടിപ്പിച്ച ചുഴലിക്കാറ്റ് ദുരന്തത്തിന്റെ വിവരങ്ങള്‍ കൈമാറാന്‍ പോലും മോദിയുമായി സംസാരിക്കില്ലെന്ന പിടിവാശി രാഷ്ട്രീയ നേതൃത്വത്തിനു ചേര്‍ന്നതല്ല. പ്രധാനമന്ത്രി വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത മുഖ്യമന്ത്രി ജനാധിപത്യത്തിനു ഭൂഷണവുമല്ല. മുഖ്യമന്ത്രി രാഷ്ട്രീയ നേതാവ് എന്നതിലുപരി ഭരണാധികാരിയാണ്. മോദിക്കു മമത നല്കിയ ‘കാലാവധി കഴിഞ്ഞ പ്രധാനമന്ത്രി’ എന്ന വിശേഷണവും രാഹുലിന്റെ ‘കള്ളന്, കള്ളന്’ വിളികളും രാജ്യത്തെ പ്രതിപക്ഷങ്ങള്‍ രാഷ്ട്രീയമായി എത്ര അധപ്പതിച്ചു എന്നതിനും അവര്‍ മോദിയെ എത്ര പേടിക്കുന്നു എന്നതിനും തെളിവായി നില്ക്കുന്നു.
കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരുന്ന അഴിമതികളോടു പിണങ്ങി അഴിമതിരഹിത സുതാര്യഭരണത്തിന്റെ താരകമായാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ബാനറുമേന്തി രാഷ്ട്രീയ നഭസ്സില്‍ ദീദി മമത ബാനര്‍ജി ഉദയം ചെയ്തത്. ബംഗാളിലെ കമ്യൂണിസ്റ്റ് കോട്ട തകര്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞത് അഴിമതി വിരുദ്ധ മുഖച്ഛായകൊണ്ടു കൂടിയായിരുന്നു. പക്ഷേ, ഇന്ന് അഴിമതി ആരോപണങ്ങള്‍ ഏല്പിച്ച പരിക്കുകളില്‍ നിന്ന് മുഖം രക്ഷിക്കാന്‍ ദീദി പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ കോപ്രായങ്ങളാണ് നാട് പരിഹാസത്തോടെ കണ്ടുകൊണ്ടിരിക്കുന്നത്.
സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരം 2014ല്‍ സി ബി ഐ ഏറ്റെടുത്ത ശാരദ, റോസ് വാലി ചിട്ടിത്തട്ടിപ്പു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ രാജീവ്കുമാറിനെ ചൊദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെയാണു മമതയുടെ പൊലീസ് വളഞ്ഞുവെച്ചതും കസ്റ്റഡിയിലെടുത്ത് തട്ടിക്കൊണ്ടുപോയതും. പിന്നീടു വിട്ടയച്ചു. മുഖ്യമന്ത്രിയുടെ പൂര്‍ണപിന്തുണ ഇതിനെല്ലാമുണ്ടായിരുന്നു താനും. ഒളിക്കാനില്ലാത്തവര് അന്വേഷണത്തെ എന്തിനു പേടിക്കണം?
മുമ്പെങ്ങുമില്ലാത്ത അപലപനീയമായ സംഭവക്രമങ്ങളാണ് ബംഗാളില്‍ അരങ്ങേറിയത്. ഈ സംഭവത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടെന്നത് അവര്‍ അറിയില്ലെന്ന് നടിക്കുന്നു. പ്രത്യേക സാഹചര്യങ്ങളില്‍ വാറണ്ടില്ലാതെ ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിനുപോലും അധികാരമുണ്ടെന്നിരിക്കെ ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനമാണ് ബംഗാള്‍ പോലീസ് നടത്തിയത്. അതിനാണു മുഖ്യമന്ത്രി കൂട്ടുനിന്നതും നിരാഹാരമിരുന്നതും.
കമ്മീഷണറെ ചോദ്യം ചെയ്താല്‍, താന്‍ ഇറുക്കിക്കെട്ടി വച്ച മാന്യതയുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഭയമാണ് മമതയുടെ വെപ്രാളത്തിന് കാരണം. ഡിഎംകെയുടെ സ്റ്റാലിനും ആം ആദ്മിയുടെ കെജരിവാളും തെലുഗുദേശത്തിന്റെ ചന്ദ്രബാബു നായിഡുവുമെല്ലാം മമതയ്ക്ക് തുണയായുണ്ടായിരുന്നു. അതു രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടിയല്ലെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. ഇപ്പറഞ്ഞവരൊക്കെ അടുത്ത പ്രധാനമന്ത്രിയാകാന്‍ കുപ്പായം തയ്പ്പിച്ച് കാത്തിരിക്കുന്നവരാണു താനും. കേന്ദ്ര ഇന്റലിജന്‍സിനെതിരെ സ്വന്തം പൊലീസിനെ അണിനിരത്തുന്ന മുഖ്യമന്ത്രി കേന്ദ്രം ഭരിക്കുന്ന പ്രധാനമന്ത്രിയായാലത്തെ കഥയെന്തായിരിക്കും?
നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ പകപോക്കലുമായി മെനക്കെട്ടിറങ്ങിയിരിക്കുകയാണ് എന്നാണ് ഇവര്‍ പ്രചരിപ്പിക്കാന്‍ പാടുപെട്ടുകൊണ്ടിരിക്കുന്നത്. 2013ല്‍ ശാരദാ ചിറ്റ്സിന്റെ സ്ഥാപകനായ സുദീപ്തസെന്നിനും അനുചരന് ദേബ്ജാനി മുക്കര്‍ജിക്കും എതിരെ കോടതി അറസ്റ്റ് വാറന്റു പുറപ്പെടുവിക്കുമ്പോഴും അവര്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോഴും ശ്യാംലാല്‍ കുമാര്‍ സെന്‍ എന്ന ന്യായാധിപന് കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുക്കുമ്പോഴും ഒന്നും നരേന്ദ്രമോദിയുടെ സര്‍ക്കാരല്ലായിരുന്നു കേന്ദ്രം ഭരിച്ചിരുന്നത്. സോണിയ നിയന്ത്രിച്ച മന്മോഹന് സിങ്ങിന്റെ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. ‘അഴിമതി ഒരാഗോള പ്രതിഭാസമാണെന്നു’ പറഞ്ഞ ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസ്സ്. ‘ബോഫോഴ്സ്’ അഴിമതിയിലൂടെ കൈകള്‍ മലീമസമാക്കിയ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ്സ്.
30,000 കോടിയുടെ ശാരദാ ചിട്ടി തട്ടിപ്പു കേസ് വെറുമൊരു ചിട്ടിവെട്ടിപ്പല്ല. ജിഹാദി, തീവ്ര ഇടതുപക്ഷ ഇന്ത്യാവിരുദ്ധ ഭീകരരുമായി ബന്ധമുള്ള പല നൂലാമാലകളും അതില്‍ പിന്നിപ്പിണഞ്ഞു കിടക്കുന്നുണ്ട്. അന്വേഷണങ്ങള്‍ ആരംഭം മുതലേ വഴിമുട്ടിക്കാന്‍ ഉണ്ടായ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ്സ് ഗവര്മെന്റിനു കഴിഞ്ഞില്ല. കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ ഈ കേസ് കോടതിയലമാരയില് പൊടിപിടിച്ചു കിടന്നു. ബിജെപി സര്‍ക്കാര്‍ കേസന്വേഷണത്തിന് വേഗത കൂട്ടി. പക്ഷേ, മമതയുടെ പോലീസും സര്‍ക്കാരിന്റെ ഭരണയ്രന്തവും സി ബി ഐയോട് സഹകരിക്കാതെ തെളിവുകള്‍ നശിപ്പിക്കുന്നവര്‍ക്കും അട്ടിമറിക്കാര്‍ക്കും തുണപോവുകയാണുണ്ടായത്.
ബംഗാളിന്റെ ഭരണം പിടിക്കാന്‍ ശാരദാ ചിറ്റ് ഫണ്ടിന്റെ പണമാണ് മമത വിനിയോഗിച്ചതെന്നും ആരോപണമുണ്ടായി. തന്റെ പ്രതിയോഗികളായ കോണ്‍ഗ്രസ്സിനെയും കമ്യൂണിസ്റ്റിനെയും പിന്തുണച്ചിരുന്ന മുസ്ലീങ്ങളെ പ്രീണിപ്പിച്ച് തൃണമൂലിനോടു ചേര്‍ത്തു നിര്‍ത്താനാണത്രെ മമത ഈ പണം ഉപയോഗിച്ചത്. മുസ്ലീം പ്രീണനത്തിലും ഹിന്ദു വിരോധത്തിലും സര്‍വ അതിര്‍വരമ്പും ഭേദിച്ചാണു മമതയുടെ പോക്ക്. അന്വേഷണം നീണ്ടാല്‍ എവിടെവരെയെത്തുമെന്നും ആരിലേയ്ക്കൊക്കെ നീളുമെന്നും മമതയ്ക്കു മാത്രമല്ല പലര്‍ക്കുമുണ്ടു പേടി. ഇരു ചെവിയറിയാതെ താനൊപ്പിച്ച കുതന്ത്രങ്ങളെല്ലാം വെളിച്ചത്തു വന്ന് തന്റെ രാഷ്ട്രീയ പണ്ടകശാല പൂട്ടിച്ചു നാട്ടുകാര്‍ വീട്ടിലിരുത്തിക്കുമോ എന്ന ഭയമാണ് ദീദിയെ ഇപ്പോള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു കൊടുമ്പിരിക്കൊള്ളുമ്പോള്‍ ദീദി സമനില നഷ്ടപ്പെട്ടപോലെ പുലമ്പുന്നത് അതിന്റെ ബാക്കി പത്രമായിത്തന്നെ കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: