പുല്‍പ്പള്ളി: വയനാട് മുള്ളന്‍കൊല്ലി പാറക്കടവില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്തി. വനപാലകരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കുറിച്യാട് വനമേഖലയിലെ വണ്ടിക്കടവ് വനത്തിലേക്കാണ് കടുവയെ ഓടിച്ചത്.
ഇന്നലെ രാവിലെ എട്ടിന് സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത് കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം വനപാലകരാണ് കടുവയെ കാട്ടിലേക്ക് ഓടിക്കാന്‍ ശ്രമമാരംഭിച്ചത്. കാലിന് പരിക്കുള്ളതുകൊണ്ടാണ് കടുവ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയതെന്ന് സംശയിക്കുന്നു. പാറക്കടവ് കാപ്പിപ്പാടിയില്‍ മിനിയുടെ ആടിനെ കഴിഞ്ഞ ദിവസം രാത്രി കൊന്ന് ഭക്ഷിച്ചിരുന്നു. കൂട്ടില്‍ നിന്ന് 200 കിലോമീറ്ററോളം ദൂരത്തേക്ക് ആടിനെ വലിച്ചു കൊണ്ടുപോയി കാപ്പിത്തോട്ടത്തില്‍ വച്ചാണ് ഭക്ഷിച്ചത്. കടുവ ജനവാസ കേന്ദ്രത്തില്‍ തങ്ങിയതിനാല്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇവിടെ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കടുവയെ കാട്ടിലേക്ക് തുരത്തിയെങ്കിലും സ്ഥലത്ത് കാവല്‍ തുടരുന്നു. വനംവകുപ്പ് പട്രോളിങ്ങും ഏര്‍പ്പെടുത്തി.
















