ന്യൂദല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒരു കാറ്റഗറിയാക്കിയും മറ്റു സംസ്ഥാനങ്ങളെ രണ്ടാം കാറ്റഗറിയാക്കിയും വേര്‍തിരിവ് ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. ന്യൂദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി ഭരണത്തില്‍ ഏറ്റവുമധികം കേന്ദ്രവിഹിതം ലഭിച്ച സര്‍ക്കാര്‍ 1.80 ലക്ഷം കോടി രൂപ ലഭിച്ച ആന്ധ്രാപ്രദേശാണ്. കേരളത്തിന് ധനകാര്യകമ്മീഷന്‍ പ്രകാരം ലഭിച്ചത് 1.08 ലക്ഷം കോടിരൂപയാണ്. പ്രളയ ദുരിതാശ്വാസമായി 3,600 കോടി രൂപയും 44 ലക്ഷം പേര്‍ക്ക് മുദ്രാവായ്‌പയും 625 കോടിരൂപ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും ഒരുലക്ഷം വീടുകള്‍ക്കുള്ള ധനസഹായവും വൈദ്യുതീകരണത്തിനായി 272 കോടി രൂപയും അടക്കം മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം വലിയ തുകകളാണ് കേരളത്തിന് മോദി സര്‍ക്കാര്‍ നല്‍കിയത്.
എന്നാല്‍ ഇതെല്ലാം മറച്ചു പിടിച്ചുകൊണ്ടാണ് വിലകുറഞ്ഞ രാഷ്‌ട്രീയ നീക്കങ്ങള്‍ക്ക് പിണറായി വിജയന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. സിപിഎം നേതാക്കള്‍ക്ക് കള്ളംപറയുന്നത് ഭൂഷണമായിരിക്കാം. എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് നേരും നെറിയുമില്ലാത്ത പരിപാടിയാണ്, പി.കെ കൃഷ്ണദാസ് പറഞ്ഞു.
















