തിരുവനന്തപുരം: യുകെയിലെ പ്രമുഖ സ്ഥാപനങ്ങളായ കിങ്‌സ് കോളജ് ലണ്ടന്‍, ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വെ എന്നിവയുമായി അമൃത വിശ്വ വിദ്യാപീഠം ധാരണാപത്രം ഒപ്പുവച്ചു.
മണ്ണിടിച്ചില്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനം, വിവിധ അപകടകരമായ സാഹചര്യങ്ങള്‍, ഭൂമി നേരിടുന്ന വെല്ലുവിളികള്‍, ദുരന്ത ബാധിത സമൂഹത്തെ പൂര്‍വസ്ഥിതിയില്‍ എത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍ നടത്തിവരുന്ന ഗവേഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായിട്ടാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
യുകെയിലെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ഏഴാം സ്ഥാനവും, ലോകത്തിലെ തന്നെ ഏറ്റവും മികച്ച 31-മത് സര്‍വകലാശാലയും കിങ്സ് കോളജാണ്. രണ്ട് സര്‍വകലാശാലകളിലും നിലവിലുള്ള ഏത് അക്കാദമിക് വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എക്‌സ്‌ചേഞ്ച് പദ്ധതിയില്‍ പങ്കെടുക്കുന്നതിനും പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്‌സിന്റെ ഒരു ഭാഗം വിദേശ യൂണിവേഴ്‌സിറ്റിയില്‍ പൂര്‍ത്തീകരിക്കാനും അനുമതി നല്‍കുന്നതാണ് പുതിയ ധാരണാപത്രം. ധാരണാപത്രം അനുസരിച്ച് എര്‍ത്ത് സയന്‍സ്, മിനറല്‍ പ്രോസ്‌പെക്ടിംഗ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്് എന്നിവയില്‍ പുതിയ കാര്യങ്ങള്‍ വികസിപ്പിക്കാന്‍ സാധിക്കും.
കിങ്‌സ് കോളജ് ലണ്ടന്‍, ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വെ എന്നിവയുമായുള്ള പങ്കാളിത്തം അമൃത വിശ്വ വിദ്യാപീഠത്തിന് മുന്നോട്ടുള്ള കുതിപ്പിന് ഉത്തേജകമാകുമെന്ന് ഇന്റര്‍നാഷണല്‍ പ്രോഗ്രാംസ് ഡീന്‍ ഡോ. മനീഷ വി. രമേഷ് പറഞ്ഞു. ഇത്തരം സഹകരണത്തിലൂടെ വിവരങ്ങള്‍ കൈമാറുന്നതിനും പുതിയ സമീപനങ്ങളും സ്രോതസുകളും കണ്ടെത്തുന്നതിനും സവിശേഷമായ പുതിയ അറിവുകള്‍ സ്വന്തമാക്കുന്നതിനും സാധിക്കും.അമൃത യൂണിവേഴ്‌സിറ്റിയുമായി കരാര്‍ ഒപ്പുവെയ്‌ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കിങ്‌സ് കോളജിലെ വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഫുമി ഒളോനിസകന്‍ അറിയിച്ചു.
















