തിരുവനന്തപുരം: ജൂണ്‍ മൂന്നു മുതല്‍ തന്നെ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പ്ലസ് വണ്‍ ക്ലാസ്സുകള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉന്നതതതല സംഘം ചേര്‍ന്ന യോഗത്തിലും പ്ലസ് വണ്‍ ക്ലാസ്സുകള്‍ നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതിനായുള്ള നടപടികളും ആരംഭിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതിനോടനുബന്ധിച്ച് മെയ് 10 മുതല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കുകയും, 20ന് ട്രയല്‍ അലോട്മെന്റും മെയ് 24ന് ആദ്യഘട്ട അലോട്ട്മെന്റും നടത്താനാണ് തീരുമാനം. ക്ലാസ് തുടങ്ങുന്ന ജൂണ്‍ മൂന്നിന് മുമ്പ് അലോട്ട്മെന്റുകളും പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആവശ്യമെങ്കില്‍ കൂടുതല്‍ അലോട്ട്മെന്റുകള്‍ നടത്തുമെന്നും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതോ തികയാതെ വരുകയോ ചെയ്യുന്ന അവസ്ഥ ഇക്കുറി പരമാവധി കുറക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നഷ്ടമുണ്ടാകുന്നത് തടയാനാണ് ജൂണ്‍ ആദ്യവാരം തന്നെ ക്ലാസ് ആരംഭിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് കൂട്ടിച്ചേര്‍ത്തു.
















