തൃശൂര്‍: വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. ഇന്നലെ രാവിലെ 8.15ന് ഘടക പൂരങ്ങളിലൊന്നായ ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. ഉച്ചയ്‌ക്ക് മുന്‍പ് പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂര ക്ഷേത്രമായ അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലും കൊടിയേറി. ബാക്കി ആറ് ഘടകപൂര ക്ഷേത്രങ്ങളില്‍ വൈകിട്ടാണ് കൊടി ഉയര്‍ത്തിയത്.
തിരുവമ്പാടിയുടെ വര്‍ണ്ണക്കൊടിയേറ്റിന് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, കുട്ടന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി പൊഴിച്ചൂര്‍ ദിനേശന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. കൊടിയേറ്റുന്ന സ്ഥലത്തെ ഭൂമിപൂജയ്‌ക്ക് ശേഷം ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി നാട്ടുകാര്‍ കൊടിയുയര്‍ത്തി.
തുടര്‍ന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച പൂരം എഴുന്നള്ളിപ്പിന് തിരുവമ്പാടി ചന്ദ്രശേഖരന്‍ ഭഗവതിയുടെ തിടമ്പെടുത്തു. തുടര്‍ന്ന് നായ്‌ക്കനാലിലും നടുവിലാലിലും കൊടികളുയര്‍ത്തി. എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തിയപ്പോള്‍ ആചാരവെടികള്‍ മുഴങ്ങി. മേളം കലാശിച്ചശേഷം നടുവില്‍ മഠത്തിലെത്തി ആറാട്ട് കഴിഞ്ഞശേഷം ഭഗവതി തിരുവമ്പാടിയില്‍ തിരിച്ചെത്തി. ഇന്ന് മുതല്‍ പൂരം പറയെടുപ്പ് ആരംഭിക്കും.
പാറമേക്കാവ് ക്ഷേത്രത്തില്‍ സിംഹമുദ്രയുള്ള കൊടിക്കൂറയാണ് ഉയര്‍ത്തിയത്. ഉച്ചയ്‌ക്ക് വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷി നിര്‍ത്തി ദേശക്കാര്‍ കൊടിയുയര്‍ത്തി. തുടര്‍ന്ന് ക്ഷേത്രത്തിന് മുന്‍പിലെ പാലമരത്തിലും മണികണ്ഠനാലിലും കൊടിയേറ്റി.
പെരുവനം കുട്ടന്‍മാരാരുടെ മേളം, വെടിക്കെട്ട്, അഞ്ച് ഗജവീരന്മാര്‍ എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും നടന്നു. എഴുന്നള്ളിപ്പിന് ശേഷം വടക്കുന്നാഥ ക്ഷേത്ര കൊക്കര്‍ണി പറമ്പില്‍ ആറാട്ടു കഴിഞ്ഞ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് മടങ്ങി. 13നാണ് തൃശൂര്‍ പൂരം.
















