തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ടുകള്‍ ഇടത് അനുകൂല അസോസിയേഷനുകള്‍ ഭീഷണിപ്പെടുത്തി കൂട്ടത്തോടെ അട്ടിമറിച്ച സംഭവത്തില്‍ കേസെടുക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ശുപാര്‍ശ ചെയ്തെങ്കിലും അന്വേഷണം ഫലം കാണില്ലെന്നു സൂചന. പോലീസിലെ പോസ്റ്റല്‍ ബാലറ്റ് സിപിഎം അനുകൂല സംഘടനകള്‍ പിടിച്ചെടുത്തെന്ന ജന്മഭൂമി വാര്‍ത്ത സ്ഥിരീകരിച്ച് ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ടിന് നല്‍കിയതിനു പിന്നാലെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി കേരള പോലീസ് അസോസിയേഷനും പോലീസ് ഓഫീസേഴ്സ് അസോസിയേഷനും രംഗത്തിറങ്ങി. അട്ടിമറി നീക്കത്തിന് ഡിജിപിയുടെ മൗനാനുമതി. ഇത് സാധൂകരിക്കുന്ന തരത്തിലാണ് ഇന്റലിജന്‍സ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടും ഡിജിപി തെരെഞ്ഞെടുപ്പ് കമ്മീഷന് നല്കിയ ശുപാര്‍ശയും.
അസോസിയേഷന് നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള എല്ലാ പഴുതുകളും അടച്ചാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ച ഉദ്യോഗസ്ഥനെയും 58 ബാലറ്റുകള്‍ വീട്ടിലെത്തിച്ച ഉദ്യോഗസ്ഥനെയും മാത്രം ബലിയാടുകളാക്കി അന്വേഷണം അവസാനിപ്പിക്കാനാണ് പദ്ധതി. എല്ലാ പോലീസ് ജില്ലകളിലും അന്വേഷണം നടത്തുക എന്നത് പ്രഹസനം മാത്രമാക്കാനും നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
രണ്ടു പേരില്‍ ഒതുക്കും
സൗഹൃദ സംഭാഷണത്തിനിടയ്ക്ക് പൊതു താത്പര്യ പ്രകാരമുള്ള വിവരം നല്‍കണമെന്ന ഉദ്ദേശ്യത്തോടെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ നല്കാന് ആവശ്യപ്പെട്ടത് എന്നാണ് ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് ഇന്റലിജന്‍സ് മേധാവിക്ക് നല്കിയ മൊഴി. അസോസിയേഷന് എന്ന് പറഞ്ഞത് കൂട്ടായ്മ മാത്രമെന്നാണത്രേ ഉദ്ദേശിച്ചത്. അല്ലാതെ അസോസിയേഷന് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മൊഴിയിലുണ്ട്. ഇതോടെ ഈ ഉദ്യോഗസ്ഥനില്‍ മാത്രം അന്വേഷണം അവസാനിക്കും. ഐആര്‍ ബറ്റാലിയന് ( ഇന്ത്യന്‍ റിസര്‍വ്ഡ് ബറ്റാലിയന്)ലെ 58 ബാലറ്റുകളാണ് ഇടത് അനുകൂല അസോസിയേഷന് പ്രവര്‍ത്തകനായ വട്ടപ്പാറ സ്വദേശിയുടെ വീട്ടിലെത്തിയത്. ഇയാള്‍ ഉള്‍പ്പെടെയുള്ള 58 പേരും ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ജോലിയിലാണ്. ഇയാളില്‍ നിന്ന് ഫോണിലൂടെയാണ് മൊഴി രേഖപ്പെടുത്തിയത്.
സൗഹൃദത്തിന്റെ പേരിലാണ് അവര്‍ തന്റെ വിലാസം നല്‍കിയതെന്നാണ് അയാള്‍ നല്കിയ മൊഴി. ഒരാള്‍ക്ക് ഇഷ്ടമുള്ള വിലാസത്തിലേക്ക് പോസ്റ്റല്‍ ബാലറ്റ് അയയ്ക്കാം. ബാലറ്റ് അയച്ച 58 പേരും ഇതേ സൗഹൃദത്തിന്റെ പേരില്‍ അയച്ചതാണെന്നതില് ഉറച്ച് നിന്നാല്‍ അന്വേഷണവും അവസാനിക്കും. ഇതോടെ അസോസിയേഷന് നേതാക്കളിലേക്കോ അസോസിയേഷനിലേക്കോ അന്വേഷണം നീങ്ങില്ല. അതിനാല്‍ത്തന്നെ 58 പേരെക്കൊണ്ടും സൗഹൃദത്തിന്റെ പേരില്‍ അയച്ചതാണെന്ന മൊഴിയില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള ഭീഷണിയും അസോസിയേഷന് ആരംഭിച്ചിട്ടുണ്ട്. ഇത് എല്ലാ പോലീസ് ജില്ലകളിലും നടപ്പിലാക്കും. കൂട്ടത്തോടെ പോസ്റ്റല്‍ ബാലറ്റ് അയച്ചവരെല്ലാം ‘സൗഹൃദത്തിന്റെ പേരില്‍’ അയച്ചതെന്ന മൊഴി കൊടുപ്പിക്കാനാണ് അസോസിയേഷന് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: