ഗുര്‍ജന്‍വാല : പാവപ്പെട്ട ദരിദ്രകുടുംബങ്ങളിലെ പാക്കിസ്ഥാനി പെണ്‍കുട്ടികളെ വിവാഹം ചെയ്യാനെന്ന പേരില്‍ ചൈനയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്. ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയും അതിനുശേഷം ഉപേക്ഷിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
മുഖാദാസ് അഷ്റഫ് എന്ന പെണ്‍കുട്ടി 16 വയസ്സുള്ളപ്പോഴാണ് ചൈനീസ് പൗരനുമായി വിവാഹം കഴിക്കുന്നത്. മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതയായ മുഖാദാസ് അഞ്ച് മാസത്തിന് ശേഷം വിവാഹ മോചിതയായി തിരിച്ച് പാക്കിസ്ഥാനില്‍ എത്തുകയായിരുന്നു. ഈ കാലയളവില്‍ ഗര്‍ഭിണിയായ അവര്‍ ക്രൂരമായ പിഡനങ്ങള്‍ ഏറ്റ് വാങ്ങിയാണ് ചൈനയില്‍ കഴിഞ്ഞിരുന്നത്. ഇത് ഒരു പെണ്‍കുട്ടിയുടെ മാത്രം കഥയല്ല, മറിച്ച് പാക്കിസ്ഥാനിലെ നൂറ് കണക്കിന് പാവപ്പെട്ട വിവാഹ മോചിതരായ ക്രിസ്ത്യാനി പെണ്‍കുട്ടികള്‍ക്കും സമാനമായ കഥകളാണ് പറയാനുള്ളത്.
പാക്കിസ്ഥാനില്‍ നിന്ന് വിവാഹിതരാവുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും നഗരത്തില്‍ നിന്നുമാറി ഉള്‍നാടന്‍ ചെറു ഗ്രാമങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ആശയ വിനിമയം പോലും ഇവര്‍ക്ക് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പലര്‍ക്കും ട്രാന്സ്ലേഷന് ആപ്പ് വഴി ഒരു ഗ്ലാസ് വെള്ളം പോലും ചോദിക്കേണ്ടി വരുന്ന അവസ്ഥയാണ്.
അതേസമയം ഇത്തരത്തില്‍ വ്യാപകമായി പാക്കിസ്ഥാനില്‍ നിന്നും പെണ്‍കുട്ടികളെ ചൈനയിലേക്ക് വിവാഹം ചെയ്ത് അയയ്ക്കുന്നതില്‍ ഔദ്യോഗിക വൃത്തങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. പാക് പെണ്‍കുട്ടികള്‍ക്ക് ചൈനീസ് സര്‍ക്കാരും എംബസ്സിയും പരിശോധിക്കാതെയാണ് വിസ നല്‍കുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ചൈനീസ് മന്ത്രാലയം നിഷേധിച്ചു.
അതിനിടെ പാക്കിസ്ഥാനില്‍ ഇത്തരക്കാര്‍ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം തന്നയുള്ളതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട് എട്ട് ചൈനീസ് പൗരന്മാരും നാല് പാക് സ്വദേശികളും പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി നടത്തിയ തെരച്ചിലില്‍ അറസ്റ്റിലായി. പാക് ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
ചൈനയില്‍ നിലനില്‍ക്കുന്ന ഒരു കുട്ടി നയമാണ് ഇത്തരത്തില്‍ വിദേശത്തു നിന്നുള്ളവരെ കടത്തിക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നത്. ഒരു കുട്ടി മാത്രം മതിയെന്നതാണ് ചൈനയുടെ ജനസംഖ്യാ നയം. എന്നാല്‍ സ്ത്രീ- പുരുഷ എണ്ണത്തില്‍ തുല്യത നിലനിര്‍ത്തുന്നതിനും കുടുംബ പാരമ്പര്യം നിലനിര്‍ത്തുന്നതിനായി ആണ്‍കുട്ടികള്‍ക്കായും ഇത്തരത്തില്‍ വിദേശത്തു നിന്നും പെണ്‍കുട്ടികളെ വിവാഹം കഴിച്ച് കൊണ്ടുവരുന്നതായും റിപ്പോര്‍ട്ടുണ്ട്. വിയറ്റ്നാം, ലാവോസ്, നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നും ചൈനയിലേക്ക് പെണ്‍കുട്ടികളെ വിവാഹെ ചെയ്ത് കൊണ്ടുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: