കല്‍പ്പറ്റ: വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ പ്രസവിച്ച കാട്ടാനയെയും സംഘത്തെയും ശനിയാഴ്ച രാത്രിയോടെ വനപാലകര്‍ കാട്ടിലേക്ക് തുരത്തി. ജനങ്ങള്‍ തടിച്ചു കൂടിയതോടെ ആനക്കുട്ടിക്ക് സംരക്ഷണമൊരുക്കിയത് ഒമ്പതു കാട്ടാനകളാണ്.
വെള്ളിയാഴ്ച രാത്രിയാണ് കല്‍പ്പറ്റയ്‌ക്കടുത്ത് വൈത്തിരി മുള്ളന്‍പാറയിലെ സ്വകാര്യ എസ്‌റ്റേറ്റില്‍ കാട്ടാനക്കൂട്ടമെത്തിയത്. ചെമ്പ്ര മലനിരകളില്‍ നിന്നാണ് ഇവ സാധാരണയായി നാട്ടിലിറങ്ങുന്നത്. കൂട്ടത്തില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നു. സമീപത്തെ കൃഷിയിടത്തില്‍ നാശം വിതച്ച കാട്ടാനക്കൂട്ടം മടങ്ങുന്നതിനിടെയാണ് അവര്‍ക്കിടയില്‍ പുതിയ അതിഥി കൂടിയെത്തിയത്.
ശനിയാഴ്ച രാവിലെയാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രമുള്ള ആനക്കുട്ടിയെ നാട്ടുകാര്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ കൗതുക കാഴ്ച കാണാന്‍ നാട്ടുകാരുടെ തിരക്കായി. പിന്നെ സുരക്ഷയൊരുക്കി കാട്ടാനക്കൂട്ടവും വനപാലകരും നിലയുറപ്പിച്ചു. ശബ്ദമുണ്ടാക്കിയാണ് ആനക്കൂട്ടത്തെ ഉള്‍വനത്തിലേക്ക് കയറ്റിവിട്ടത്.
















