ഭീകരപ്രവര്‍ത്തനത്തിന്റെ വിളനിലവും ഭീകരരുടെ വിഹാരരംഗവുമായി കേരളം മാറിയിട്ട് കാലം കുറച്ചായി. കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സമീപനങ്ങള്‍ പലപ്പോഴും ഭീകരര്‍ക്ക് സഹായമായിത്തീര്ന്നിട്ടുമുണ്ട്. രാജ്യത്ത് എവിടെ സ്ഫോടനമുണ്ടായാലും അതിന്റെ മുഖ്യകണ്ണിയോ പങ്കാളിയോ ആയി മലയാളിയെ കാണാം. മതതീവ്രവാദിയായ മദനി രംഗത്ത് വരുംമുന്പ് ഭീകരസംഘടനയായി പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്ത് സിമി ആയിരുന്നു. നിരോധിക്കപ്പെട്ട സിമിയുടെ പല പ്രവര്‍ത്തകരും ഇരുമുന്നണികളുടെ തലപ്പത്തും തണലിലുമാണ് ഇപ്പോള്‍ കഴിയുന്നത്. അടുത്തകാലത്ത് പലപേരുകളില്‍ പൊങ്ങിവന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയം ഒരു മറമാത്രമാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസരം ഒത്തുവന്നാല്‍ അവര്‍ യഥാര്‍ത്ഥ മുഖം കാണിക്കും.
സാമൂഹ്യ സന്നദ്ധ സംഘടനകളെന്ന പേരില്‍ ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ട് സാന്നിധ്യം അറിയിക്കാനും ശക്തിപ്രാപിക്കാനും അവര്‍ ശ്രമിക്കുന്നത് കാണാം. ഇത്തരം സംഘടനകളെ രഹസ്യമായും പരസ്യമായും സമീപിക്കുകയും സഹായം ഉറപ്പിക്കുന്നതും കാണാം. വോട്ട് ഉറപ്പിക്കാന്‍ രഹസ്യചര്‍ച്ച നടത്തുകയും പിന്നീട് വെളിച്ചത്തായപ്പോള്‍ മലക്കം മറിഞ്ഞതുമൊന്നും മറക്കാറായിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് പിന്തുണ ഉറപ്പാക്കാനാണ് മുസ്ലീംലീഗുകാര്‍ മതതീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയതെന്നതിനാല്‍ കോണ്‍ഗ്രസ് അതിനെ തള്ളിപ്പറയാഞ്ഞതും ശ്രദ്ധേയമാണ്. കേരളത്തെ കാശ്മീരാക്കുമെന്ന മുദ്രാവാക്യം മുഴക്കുന്നവരുടെ രാഷ്ട്രീയം കേരളീയര്‍ തിരിച്ചറിയേണ്ടതാണ്. അതിന്റെ പ്രസക്തിയാണ് ശ്രീലങ്കന്‍ സംഭവം ബോധ്യപ്പെടുത്തുന്നത്. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ചാവേറാക്രമണത്തിനു നേതൃത്വം നല്കിയ ഇസ്ലാമിക ഭീകരര്‍ കേരളത്തിലെത്തിയിരുന്നുവെന്നതിനു സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ച്. ഭീകരര്‍ കേരളവും കര്‍ണാടകവും ജമ്മു കശ്മീരും സന്ദര്‍ശിച്ചിരുന്നതായി ശ്രീലങ്കന്‍ സൈനിക മേധാവിയാണ് വെളിപ്പെടുത്തിയത്. കൂടുതല്‍ പരിശീലനത്തിനും മറ്റു ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിക്കാനുമായിരിക്കാം ഇവരുടെ സന്ദര്ശനമെന്നുകൂടി കരസേനാ മേധാവി പ്രസ്താവിച്ചിരിക്കുകയാണ്. മുഖ്യപ്രതിയും ചാവേറുമായിരുന്ന സഹ്റാന്‍ ഹാഷിം കേരളത്തിലും തമിഴ്നാട്ടിലും വന്നിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചിപ്പിച്ചിരുന്നതാണ്. ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്ത്യ വിവരം നല്‍കിയിരുന്നതായും കരസേനാ മേധാവി സമ്മതിച്ചു. ഭീകരര്‍ക്ക് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതോടെ എന്‍ഐഎ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ 20 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പോപ്പുലര്‍ ഫ്രണ്ട്, ചാവേറാക്രമണങ്ങള്‍ക്കു പിന്നിലുള്ള നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ തമിഴ്നാട് ഘടകം തുടങ്ങിയവയുമായി ബന്ധമുള്ള കേന്ദ്രങ്ങളിലായിരുന്നു റെയ്ഡുകള്‍, ശ്രീലങ്കയിലെ ആക്രമണകാരികളുമായി ബന്ധമുള്ള പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കിറിനെ കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് സഹ്റാന്‍ ഹാഷിമുമായി ബന്ധമുണ്ടായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ചാവേറാക്രമണം നടത്തിയവരും കാസര്‍കോട്, കോയമ്പത്തൂര്‍ സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് സൗദി അറേബ്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇന്ത്യന്‍ ഏജന്‍സികള്‍ വിവരം കൈമാറി. ഇന്ത്യ നല്കിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൗദിയില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തത് ശ്രദ്ധേയമാണ്. അതേ സമയം ശ്രീലങ്കയിലേത് പോലെ കോട്ടയത്ത് സ്ഫോടനം നടത്തുമെന്ന സന്ദേശവും പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ട സംസ്ഥാനമാണ് കേരളം. വോട്ടു മാത്രം നോക്കി നീങ്ങുന്നവരുടെ അലസതയും അലംഭാവവും വലിയ അപകടത്തിന് സാഹചര്യം ഒരുക്കുമെന്നതില്‍ സംശയമില്ല. ഏതായാലും ജാഗ്രതയും പരിശോധനയും വേണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷെ രാഷ്ട്രീയ നേതൃത്വം അതിന് സമ്മതിക്കുമോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: