കാഞ്ഞങ്ങാട്: കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങളുടെ പരിശോധന ഇന്നലെ ആരംഭിച്ചു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി കഴിഞ്ഞ ദിവസം സ്ഥിരീകരിക്കപ്പെട്ടിരുന്നു.
കാസര്‍കോട്, മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ ഏതാനും ബൂത്തുകളിലും കള്ളവോട്ട് നടന്നതായി ആരോപണമുണ്ട്. കാസര്‍കോട് നാലും ഉദുമ മൂന്നും കാഞ്ഞങ്ങാട് പതിമൂന്നും തൃക്കരിപ്പൂരില്‍ ഇരുപത്തിമൂന്നും പ്രശ്നബാധിത ബൂത്തുകളുണ്ട്. ഇത്തരം ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. പിലാത്തറയ്ക്കും പുതിയങ്ങാടിക്കും പിന്നാലെ ചീമേനിയിലെ ബൂത്തിലും കള്ളവോട്ട് നടന്നതായി തെളിഞ്ഞിരുന്നു. ചീമേനി കള്ളവോട്ടുമായി ബന്ധപ്പെട്ടും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
അതിനിടെ ചീമേനി ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ ഒത്താശ നല്‍കിയതായുള്ള ആരോപണം ശക്തമാകുകയാണ്. കള്ളവോട്ടിന് അവസരം നല്‍കിയതിലൂടെ കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ചയാണ് പോളിങ് ഉദ്യോഗസ്ഥര്‍ വരുത്തിയതെന്ന് ഇതുസംബന്ധിച്ച് കളക്ടറുടെ മേല്‍നോട്ടത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം ഉടന്‍ തന്നെ പൂര്‍ത്തിയാക്കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. വീഴ്ച വരുത്തിയെന്ന് വ്യക്തമായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഇടത്-വലത് മുന്നണികള്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥരെയും ബൂത്ത് ഏജന്റുമാരെയും നോക്കുകുത്തികളാക്കി കള്ളവോട്ട് ചെയ്തുവെന്ന ആക്ഷേപം ശക്തമാണ്.
കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറ ബൂത്തിലെ കള്ളവോട്ടിന്റെ ദൃശ്യം ഒരു ചാനല്‍ പുറത്തുവിട്ടതോടെയാണ് മറ്റ് ബൂത്തുകളിലെ കള്ളവോട്ടുകളെക്കുറിച്ചുള്ള അന്വേഷണങ്ങളും നടന്നത്. കള്ളവോട്ടിന്റെ പേരില്‍ ആദ്യം പ്രതിക്കൂട്ടിലായത് എല്‍ഡിഎഫായിരുന്നു. കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായ എല്‍ഡിഎഫിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് യുഡിഎഫിനെയും പ്രതിക്കൂട്ടിലാക്കുന്ന കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തുവന്നത്. കള്ളവോട്ട് നടന്ന ബൂത്തുകളില്‍ ചിലത് പരസ്യമായി കൈയേറിയിരുന്നതായും ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍പെടുന്ന കല്ല്യാശ്ശേരി, പയ്യന്നൂര്‍ ബൂത്തുകളിലെ പരിശോധനയും ഇന്നുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: