ന്യൂദല്‍ഹി : രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയുടെ സാന്നിധ്യത്തില്‍ തന്നെ അന്വേഷണം നടത്തണമെന്ന് ജഡ്ജിമാര്‍. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും റോഹിന്റന്‍ നരിമാനുമാണ് ഈ നിലപാട് എടുത്തത്.
രണ്ട് ജഡ്ജിമാരും സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതിയിലെ ജഡ്ജിമാരെ നേരില്‍ കണ്ടാണ് എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. ഏകപക്ഷീയമായ അന്വേഷണം സുപ്രീംകോടതിയുടെ പേര് കളങ്കപ്പെടുത്തുമെന്ന് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മുന്‍ കോടതി ജീവനക്കാരി സുപ്രീംകോടതിയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്ബാകെ ഹാജരായിരുന്നു. ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെയാണ് പരാതിക്കാരി ഹാജരായത്. എന്നാല്‍ പരാതിക്കാരിയുടെ അഭിഭാഷകനെ കോടതി മുറിയ്‌ക്കുള്ളില്‍ അനുവദിച്ചിരുന്നില്ല.
എന്നാല്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന തന്റെ ഭാഗം കേള്‍ക്കാത്ത സമിതിയില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സമിതിക്ക് മുന്നില്‍ ഹാജരാവില്ലെന്നും യുവതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയിലെ രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍ ലൈംഗികാതിക്രമക്കേസില്‍ പരാതിക്കാരിയുടെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
















