ന്യൂദല്‍ഹി: ഹൈന്ദവ ഗ്രന്ഥങ്ങളായ രാമായണത്തെയും മഹാഭാരതത്തെയും അധിക്ഷേപിച്ച് വിവാദ പ്രസ്താവന നടത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസ് എടുത്തു. ബാബാ രാം ദേവിന്റെ പരാതിയില്‍ ഹരിദ്വാര്‍ പോലീസാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നു കാണിച്ചാണ് ബാബ രാം ദേവ് യച്ചൂരിക്കെതിരെ പരാതി നല്‍കിയത്.
രാമായണവും മഹാഭാരതവും കലാപാഹ്വാനം നടത്തുന്നവയാണെന്നും ഹിന്ദുക്കള്‍ കലാപകാരികളാവില്ലെന്ന് ആരു പറഞ്ഞെന്നും യെച്ചൂരി ഭോപ്പാലില്‍ നടന്ന പരിപാടിയില്‍ അപഹസിച്ചു. ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിങ് പങ്കെടുത്ത പരിപാടിയിലായിരുന്നു യെച്ചൂരിയുടെ ഹൈന്ദവാധിക്ഷേപം.
ഹിന്ദുക്കള്‍ കലാപകാരികളാണെന്നതിന്റെ തെളിവുകളാണ് മഹാകാവ്യങ്ങളായ രാമായണവും മഹാഭാരതവും. യുദ്ധവും കലാപവും നിറച്ചതാണ് ഇവ രണ്ടും. എന്നാല്‍ ആര്‍എസ്എസ് പ്രചാരകനായ പ്രധാനമന്ത്രി മോദി പറയുന്നത് ഹിന്ദുക്കള്‍ക്കൊരിക്കലും കലാപകാരികളാവാന്‍ സാധിക്കില്ലെന്നാണ്.
കലാപങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന ഹിന്ദുമതത്തിലെ ആളുകള്‍ക്ക് ഒരിക്കലും കലാപമുണ്ടാക്കാനാവില്ലെന്ന വ്യാഖ്യാനം ചമയ്‌ക്കുകയാണ് മോദിയെന്നും യെച്ചൂരി പരിഹസിച്ചു.
പശുവധത്തിന്റെ പേരില്‍ സ്വകാര്യസൈന്യത്തെ സൃഷ്ടിക്കുകയാണ് ആര്‍എസ്എസ്. മഹാസഖ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
















