ബാഴ്‌സലോണ: ബാഴ്‌സലോണയ്‌ക്കായി ഏറ്റവും കൂടുതല്‍ തവണ ബൂട്ടുകെട്ടിയ സ്പാനിഷ് താരം സാവി ഹെര്‍നാന്‍ഡസ് കളി മതിയാക്കുന്നു. ഈ സീസണ്‍ അവസാനിക്കുന്നതോടെ അരങ്ങൊഴിയുമെന്ന് സാവി പ്രഖ്യാപിച്ചു.
ബാഴ്‌സയ്‌ക്കുവേണ്ടി 767 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇത് റെക്കോഡാണ്. സ്‌പെയിനായി 133 മത്സരങ്ങള്‍ കളിച്ചു. 2015 ല്‍ ബാഴ്‌സ വിട്ടു. നിലവില്‍ ഖത്തറിലെ അല്‍സാദിനായാണ് കളിക്കുന്നത്. മുപ്പത്തിയൊമ്പത് വയസുവരെ ഫുട്‌ബോള്‍ കളിക്കാനായത് മഹത്തായകാര്യമാണ്. ഇനി വിരമിക്കാന്‍ സമയമായി. ഈ സീസണോടെ കളം വിടുകയാണ്. മാധ്യമങ്ങള്‍ക്ക് നല്‍കിയ തുറന്ന കത്തില്‍ സാവി വെളിപ്പെടുത്തി.
1998 ലാണ് സാവി ബാഴ്‌സലോണയ്‌ക്കായി അരങ്ങേറ്റം കുറിച്ചത്. വളരെപ്പെട്ടെന്ന് തന്നെ ബാഴ്‌സയുടെ മധ്യനിരയിലെ കരുത്തനായി. എട്ട് ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും നേടി.
2010 ല്‍ ആദ്യമായി ലോകകപ്പ്് നേടിയ സ്‌പെയിന്‍ ടീമില്‍ അംഗമായിരുന്നു.2008, 2012 വര്‍ഷങ്ങളില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 2014 ലോകകപ്പില്‍ പ്രകടനം മോശമായതിനെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്ന് വിരമിച്ചു.
കഴിഞ്ഞ മാസം സാവിയുടെ മികവില്‍ അല്‍ സാദ് ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ ചാമ്പ്യന്മാരായി. സാവിയുടെ ടീം എമിര്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുണ്ട്.
















