തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ച ബോര്‍ഡുകളും സ്വീകരണയോഗങ്ങളില്‍ ലഭിച്ച ഷാളുകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കുമെന്ന എന്‍ഡിഎ തിരുവനന്തപുരം സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യത്തിലേക്ക്. ‘പുനര്‍നവ’ എന്നു പേരിട്ട പരിപാടിക്ക് ഇന്നലെ തുടക്കമായി. പര്യടനത്തിനിടെ ലഭിച്ച ഷാളുകള്‍, തോര്‍ത്തുകള്‍, പൊന്നാട എന്നിവ സഞ്ചി, തൊപ്പി, ഹാന്‍ഡ് കര്‍ച്ചീഫ്, ടൗവ്വല്, തലയിണ കവര്‍ എന്നിവയായി രൂപം മാറും. അതോടൊപ്പം പ്രചരണത്തിനുപയോഗിച്ച ബോഹര്‍ ബോര്‍ഡുകള്‍ ഗ്രോബാഗുകളും ക്യാരിബാഗുകളും ഫയലുകളുമാകും. ഹരിത രാഷ്ട്രീയം സംശുദ്ധ ജനാധിപത്യത്തിന് എന്നതാണ് പുനര്‍നവ പരിപാടിയുടെ മുദ്രാവാക്യം.
ഒരു ലക്ഷത്തോളം തുണിത്തരങ്ങളാണ് സ്വീകരണ പരിപാടിക്കിടെ കുമ്മനം രാജശേഖരന് കിട്ടിയത്. തുണികളുടെ കട്ടിങ്ങിനായി മൂന്നുപേരും സ്റ്റിച്ചിങ്ങിനായി പന്ത്രണ്ട് പേരുമാണുള്ളത്. രണ്ടാഴ്ചക്കുള്ളില്‍ ഇതിന്റെ പണികള്‍ പൂര്‍ത്തിയാകും. തയ്യല്‍തൊഴിലാളി മസ്ദൂര്‍ സംഘത്തിലെ പ്രവര്‍ത്തകരും കുടുംബശ്രീയിലെ പ്രവര്‍ത്തകരുമാണ് നിര്‍മ്മാണത്തിന് പിന്നില്‍. വിവിധ സന്നദ്ധ സംഘടനകള്‍ ഇതിനോടകം ബാഗുകള്‍ക്കായി ഓര്‍ഡറുകള്‍ നല്കി കഴിഞ്ഞു. ബിജെപി ചാല ഏരിയാ ജനറല്‍ സെക്രട്ടറി നടരാജ്കണ്ണനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ചലച്ചിത്ര താരം മേനകാ സുരേഷിന് ബാഗ് നല്കി മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വേസ്റ്റില്‍ നിന്ന് വെല്‍ത്ത് എങ്ങനെ ഉണ്ടാക്കാം എന്നിതിന്റെ ഉത്തമ മാതൃകയാണ് പുനര്നവയെന്ന് ടി.പി സെന്‍കുമാര്‍ പറഞ്ഞു. നവീകരിച്ച് പുനരുപയോഗം ചെയ്യുന്ന സംസ്കാരം ജനങ്ങളില്‍ വളര്‍ത്തുകയാണ് പുനര്‍നവയുടെ ലക്ഷ്യമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്കുമാര്‍, ബോഹര്‍ ഡയറക്ടര്‍ വിജയന്, പയ്യന്നൂര്‍ സ്വാമികള്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ്, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.ജയകുമാര്‍, കൗണ്‍സിലര്‍മാരായ കരമന അജിത്ത്, തിരുമല അനില്‍, ഡോ. ബി. വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: