ബാഴ്‌സലോണ: ഇരട്ടഗോളിന്റെ ഇന്ദ്രജാലത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ലണയല്‍ മെസി ലിവര്‍പൂളിനെ പൂട്ടി. ലിവര്‍പൂളിന് പൂട്ട് പൊളിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ കലാശക്കളയില്‍ കടക്കണമെങ്കില്‍ മറ്റൊരു മാഹാത്ഭുതം സംഭവിക്കണം. ആദ്യ പാദസെമിയില്‍ ചെമ്പടയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വീഴ്‌ത്തിയ മെസിയുടെ ബാഴ്‌സ ഫൈനലിലേക്ക് ഒരു ചുവട് വെച്ചു. രണ്ടാം പാദ സെമി ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ ചൊവ്വാഴ്ച നടക്കും.
ന്യൂകാമ്പില്‍ തിങ്ങിനിറഞ്ഞ ആരാധകരെ കോരിത്തരിപ്പിക്കുന്ന പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. 26-ാം മിനിറ്റില്‍ ലൂയി സുവരാസിന്റെ ഗോളില്‍ ബാഴ്‌സ മുന്നിലെത്തി. കളിയവസാനിക്കാന്‍ പതിനഞ്ച് മിനിറ്റുള്ളപ്പോഴാണ് മാന്ത്രികന്‍ മെസിയുടെ ഇന്ദ്രാജാലം തുടങ്ങിയത്. 75-ാം മിനിറ്റില്‍ മെസിയുടെ ആദ്യ ഗോള്‍ പിറന്നു. സുവാരസിന്റെ ഗോള്‍ ലക്ഷ്യംവെച്ചുള്ള ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. പന്ത് നേരെ മെസിയുടെ കാലുകളില്‍. ലക്ഷ്യം പിഴയ്‌ക്കാത്ത ഷോട്ടില്‍ ലിവര്‍പൂളിന്റെ വല കുലുങ്ങി.
ഏഴു മിനിറ്റുകള്‍ക്കുശേഷം മെസി ഫ്രീകിക്കിലൂടെ രണ്ടാം ഗോള്‍ കുറിച്ചു. ലിവര്‍പൂളിന്റെ പ്രതിരോധ മതിലിന് മുകളിലൂടെ പറന്നുയര്‍ന്ന പന്ത് വളഞ്ഞ്തിരിഞ്ഞ്, മഴുനീളം ഡൈവ് ചെയ്ത ലിവര്‍പൂള്‍ ഗോളിയെയും കീഴടക്കി വലയിലേക്ക് പറന്നിറങ്ങി. ബാഴ്‌സയ്‌ക്കായി മെസി നേടുന്ന അറുനൂറാം ഗോളാണിത്.
ജൂര്‍ഗന്‍ ക്ലോപ്പിന്റെ ചെമ്പടയാണ് തുടക്കം മുതല്‍ തകര്‍ത്തുകളിച്ചത്. ബാഴ്‌സയും അവസരത്തിനൊത്തുയര്‍ന്നതോടെ മത്സരം ആവേശക്കൊടുമുടി കയറി. 26-ാം മിനിറ്റില്‍ ലൂയി സുവാരസ് ബാഴ്‌സയ്‌ക്ക് ലീഡ് നേടിക്കൊടുത്തു. ഗോള്‍ മടക്കാനായി ലിവര്‍പൂള്‍ നടത്തിയ ശ്രമങ്ങള്‍ ബാഴ്‌സയുടെ പ്രതിരോധം തകര്‍ത്തു. രണ്ടാം പകുതിയുടെ തുടക്കത്തിലും ലിവര്‍പൂളിന് നേരിയ മുന്‍തൂക്കം ഉണ്ടായിരുന്നു. പക്ഷെ അവസാന നിമിഷങ്ങളില്‍ മെസി ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ തോല്‍വിയിലേക്ക് നീങ്ങി. അവസാന നിമിഷങ്ങളില്‍ ഗോളടിക്കാന്‍ ലഭിച്ച അവസരം ലിവര്‍പൂള്‍ താരം മുഹമ്മദ് സല നഷ്ടപ്പെടുത്തി. സലയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു.
മൂന്ന് ഗോളിനെക്കാള്‍ മികച്ചത് നാലു ഗോള്‍ വിജയമായിരുന്നു. എന്നിരുന്നാലും ഇത് മികച്ച ഫലം തന്നെയാണെന്ന് മത്സരശേഷം ലയണല്‍ മെസി പറഞ്ഞു.
















