കൊച്ചി: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ കേരളത്തിലെ ഐഎസ് സെല്ലുകള്‍ തീരുമാനിച്ചിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) സൂചന ലഭിച്ചു. ശ്രീലങ്കയിലെ ഭീകരാക്രമണത്തിനു ശേഷം കേരളത്തില്‍ എന്‍ഐഎ നടത്തിയ റെയ്ഡിനിടെ പാലക്കാട്ടു നിന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഐഎസ് പദ്ധതിയെക്കുറിച്ചുള്ള സൂചനകള്‍ വ്യക്തമായത്.
റിയാസ് അബൂബക്കറെ ഈ മാസം 29 വരെ കൊച്ചി എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ ആറിന് പരിഗണിക്കും. ഇന്നലെ രാവിലെ റിയാസിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറില്‍ നിന്ന് എന്‍ഐഎക്ക് ലഭിച്ചത് നിര്‍ണായക വിവരങ്ങളാണ്.
ശ്രീലങ്കയില്‍ നടന്ന ചാവേറാക്രമണത്തിന് സമാനമായ സ്ഫോടനങ്ങള്‍ക്ക് കേരളത്തിലും ഇയാള്‍ പദ്ധതിയിട്ടിരുന്നു. തൃശൂര്‍പൂരം, കൊച്ചിയിലെ പുതുവത്സരാഘോഷങ്ങള്‍, ആയിരങ്ങള്‍ പങ്കെടുക്കുന്ന മത ചടങ്ങുകളില്‍ ഏതിലെങ്കിലും ചാവേറായി പൊട്ടിത്തെറിക്കാന്‍ പദ്ധതിയിടുകയും, സമാന തീവ്ര സ്വഭാവമുള്ളവരെ ഒപ്പം കൂട്ടാനും ഇയാള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരാത്തതിനാല്‍ ചാവേര്‍ സ്ഫോടന പദ്ധതി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതോടൊപ്പം ഐഎസ് ഭീകരനും കാസര്‍കോട് സ്വദേശിയുമായ അബ്ദുള്‍ റാഷിദുമായി റിയാസിന് അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. റാഷിദ്, കാബൂളില്‍ നിന്നും റിയാസിന് ശബ്ദസന്ദേശങ്ങള്‍ അയച്ചിരുന്നു.
ഐഎസിലേക്ക് അബ്ദുള്‍ റാഷിദ് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന കാലഘട്ടത്തിലും ഇരുവരും ആശയവിനിമയം നടത്തിയിട്ടുണ്ട്. തീവ്ര മതപ്രഭാഷകന് സാക്കിര്‍ നായിക്കുമായും, ശ്രീലങ്കന്‍ സ്ഫോടന ആസൂത്രകനെന്ന് കരുതുന്ന സഫ്റാന്‍ ഹാഷിമുമായും ഇയാള്‍ അനുഭാവം പുലര്‍ത്തിയിരുന്നതായും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി ഇരുപത്തൊമ്പതുകാരനായ റിയാസ് കഴിഞ്ഞ ദിവസം എന്‍ഐഎയോടു സമ്മതിച്ചിരുന്നു.
കാസര്‍കോട് ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതികളായ അബ്ദുള്‍ റഷീദ്, അഷ്ഫഖ് മജീദ്, അബ്ദുള്‍ ഖയൂം തുടങ്ങിയവരുമായി കേരളത്തില്‍ നിന്ന് നാലു പേര് നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. അബ്ദുള്‍ റഷീദ്, അഷ്ഫഖ് മജീദ്, അബ്ദുള്‍ ഖയൂം എന്നിവര്‍ നേരത്തേ അഫ്ഗാനിസ്ഥാനിലേക്കോ സിറിയയിലേക്കോ കടന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാസര്‍കോടു നിന്ന് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ ചോദ്യം ചെയ്യുന്നത് എന്‍ഐഎ തുടരുകയാണ്. ഇവരേയും അറസ്റ്റ് ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: