പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടുകള്‍ പുറത്തുവിട്ട് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത
തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ഇടത് അനുകൂല സംഘടനകളായ കേരള പോലീസ് അസോസിയേഷനും പോലീസ് ഓഫീസേഴ്സ് അസോസിയേഷനും പിടിച്ചെടുത്തതിന് കൂടുതല്‍ തെളിവുകള്‍. അസോസിയേഷന് പ്രവര്‍ത്തകന്റെ വീട്ടില്‍ എത്തിയത് 38 പോസ്റ്റല്‍ ബാലറ്റുകള്‍. ഡിജിപിയുടെ നിര്‍ദേശം പോലീസ് അസോസിയേഷന് നേതാക്കള്‍ ചവറ്റുകുട്ടയിലെറിഞ്ഞു. വ്യാപക ക്രമക്കേടുണ്ടായെന്ന് പരാതിയെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന പോലീസ് മേധാവി തലയൂരി.
പോലീസുകാരുടെ വാട്സ്ആപ്പ് കൂട്ടായ്മയില്‍ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് ഇട്ട ശബ്ദ സന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പോസ്റ്റല്‍വോട്ട് നല്കാന് ആവശ്യപ്പെട്ടുള്ള സന്ദേശം വന്നത്. പിന്നാലെ അസോസിയഷന് അനുഭാവിയുടെ വീട്ടില്‍ 38 പോസ്റ്റല്‍വോട്ടുകള്‍ എത്തി. ജനാധിപത്യ പ്രക്രിയയില്‍ പോലീസുകാര്‍ തന്നെ ക്രമക്കേട് കാട്ടുന്നത് പുറത്തായതോടെയാണ് ഡിജിപി അന്വേഷണം പ്രഖ്യാപിച്ചത്. ഇന്റലിജന്‍സ് മേധാവിയോടാണ് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.
പോലീസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സിപിഎം ഫ്രാക്ഷന് പോസ്റ്റല്‍ ബാലറ്റുകള്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ചത് ജന്മഭൂമി മാര്‍ച്ച് 14ന് വാര്‍ത്ത നല്‍കിയിരുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ പിടിച്ചെടുക്കുന്നതും അസോസിയേഷന് നേതാക്കള്‍തന്നെ വോട്ട് രേഖപ്പെടുത്തി തിരികെ നല്‍കുന്നതും ഉള്‍പ്പെടെ ഏതുവിധേനയാണ് ക്രമക്കേടെന്ന് വിവരിച്ച് മാര്‍ച്ച് 23നും വാര്‍ത്ത നല്കി. ജന്മഭൂമി വാര്‍ത്തയുടെയും പ്രതിപക്ഷനേതാവിന്റെ പരാതിയുടെയും അടിസ്ഥാനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാംറാം മീണ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. എല്ലാം നിയമവിധേയം എന്നാണ് ഡിജിപി തെരെഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചത്.
തുടര്‍ന്ന് ക്രമക്കേടുകള്‍ നടത്തരുതെന്ന് കാട്ടി ഡിജിപി പോലീസുകാര്‍ക്ക് നിര്‍ദേശവും നല്കി. എന്നാല്‍ അസോസിയേഷന് നേതാക്കള്‍ ഡിജിപിയുടെ നിര്‍ദേശത്തിന് പുല്ലുവിലയാണ് നല്‍കിയത്. സ്ഥലംമാറ്റമടക്കമുള്ള ഭീഷണികള്‍ മുഴക്കിയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ വാങ്ങിയത്. ബാലറ്റുകള്‍ അയ്ക്കേണ്ട വിലാസം വരെ തിരുത്തി ഇടത് അനുകൂല മനോഭാവമുള്ള പോലീസുകാരുടെ വിലാസത്തില്‍ അയച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ട് രേഖപ്പെടുത്തും മുന്‍പ് ബാലറ്റുകള്‍ വാങ്ങിയാല്‍ കള്ളവോട്ടിനാകും വഴിയൊരുക്കുക. വോട്ട് രേഖപ്പെടുത്തിയ ശേഷമാണങ്കില്‍ തുറന്ന് നോക്കി എതിര് പാര്‍ട്ടിക്കുള്ള വോട്ട് അസാധുവാക്കാനും വഴിയൊരുങ്ങും.
ശബ്ദ സന്ദേശം
”എല്ലാവരുടെയും ശ്രദ്ധയ്ക്ക് അസോസിയേഷന്റെ ആള്ക്കാര് വിളിച്ചിട്ട് ടെംബിളില്‍ നിന്നുള്ള പോസ്റ്റല്‍ വോട്ട് ചോദിച്ചിട്ടുണ്ട്. എന്റെ പേഴ്സണലായിട്ടുള്ള ആവശ്യത്തിന് വേണ്ടിയിട്ടല്ല ചോദിക്കുന്നത്. ബാലറ്റ് ഏല്‍പ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്. ലിസ്റ്റ് കൊടുക്കാനാണ്. നാളെയും മറ്റന്നാളുമായി നല്‍കണം. സംഭവം സീരിയസ് ആയത് കൊണ്ടാണ് മെസേജ് ഇടുന്നത്.”
_____________________________________________________
ഡിജിപി ലോക്നാഥ് ബഹ്റ
പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമവിരുദ്ധമാണ്. പോസ്റ്റല്‍ വോട്ടുകളില്‍ ഇടപെടരുതെന്ന് കര്‍ശന നിര്‍ദേശം നല്കിയിട്ടുള്ളതാണ്. സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് മേധാവി അന്വേഷിക്കും. ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും.
ടിക്കാറാം മീണ
പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച് പ്രതിപക്ഷ നോതാവിന്റെയും ജന്മഭൂമി വാര്‍ത്തയുടെയും അടിസ്ഥാനത്തില്‍ ഡിജിപിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പോസ്റ്റല്‍ ബാലറ്റ് നല്കുന്നതില് ക്രമക്കേട് ഇല്ലെന്നാണ് ഡിജിപി നല്കിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഗൗരവമായ കാര്യമാണ്. അന്വേഷിച്ച് നടപടിയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: