തൃശൂര്‍: പൂരം വെടിക്കെട്ടിന് ഓലപ്പടക്കം അനുവദിക്കാനാകില്ലെന്ന എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിലപാട് സൃഷ്ടിച്ച പ്രതിസന്ധി പരിഹാരത്തിന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ അപ്പീലുമായി നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് ചീഫ് കണ്‍ട്രോളറെ സമീപിച്ചു.
ഇരു ദേവസ്വങ്ങളുടേയും പ്രതിനിധിയായി പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന്റെ ചുമതല വഹിക്കുന്ന മാനേജിങ്ങ് കമ്മിറ്റിയംഗം രാജേഷ് ഉണ്ണിയാണ് ചീഫ് കണ്‍ട്രോളറുടെ ചുമതല വഹിക്കുന്ന ജോയിന്റ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്.
നിലവില്‍ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചീഫ് കണ്‍ട്രോളറോട് ദേവസ്വം പ്രതിനിധി വിശദീകരിച്ചു. ഇതുസംബന്ധിച്ച് രേഖാമൂലമുള്ള അപേക്ഷയും നല്‍കി. അപേക്ഷ പരിശോധിച്ച് വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് ചീഫ് കണ്‍ട്രോളര്‍ അറിയിച്ചതായി ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം.
സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണയെ തുടര്‍ന്നാണ് ഓലപ്പടക്കത്തിന് അനുമതി നല്‍കാനാകില്ലെന്ന് എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. സുപ്രീംകോടതി വിധിയനുസരിച്ച് ഓലപ്പടക്കം ഉപയോഗിച്ച് തന്നെ വെടിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം.
2018ല്‍ നടത്തിയതുപോലെ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയായിരുന്നു സുപ്രീംകോടതി വിധി. ദേവസ്വങ്ങളുടെ അപേക്ഷയില്‍ മൂന്ന് ദിവസത്തനകം എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. നിരോധിത രാസവസ്തുക്കള്‍ വെടിക്കെട്ടിനുപയോഗിക്കരുതെന്നും സാമ്പിള്‍ പരിശോധനയ്‌ക്ക് നല്‍കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.
ഇതനുസരിച്ച് ഗുണ്ട്, കുഴിമിന്നല്‍, അമിട്ട്, ഓലപ്പടക്കം എന്നിവയുടെ സാമ്പിള്‍ ശിവകാശിയിലെ ലാബില്‍ പരിശോധനയ്‌ക്ക് നല്‍കിയപ്പോഴാണ് ഓലപ്പടക്കം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഉത്തരവ് നല്‍കിയത്. ഓലപ്പടക്കം നിരോധിച്ച് 2018ല്‍ സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടെന്നായിരുന്നു നിരോധനത്തിന് കാരണം.
എന്നാല്‍ 2018ലെ സുപ്രീംകോടതി ഉത്തരവ് ദീപാവലിക്കും മറ്റും വീടുകളില്‍ ഓലപ്പടക്കം ഉപയോഗിക്കുന്നതിനെതിരെ മാത്രമാണെന്നും വന്‍സുരക്ഷാസംവിധാനങ്ങളോടെ നടക്കുന്ന പൂരംവെടിക്കെട്ടിന് ബാധകമല്ലെന്നും അക്കാര്യം പരിഗണിച്ചാണ് സുപ്രീംകോടതി വിധിയെന്നുമാണ് ദേവസ്വങ്ങളുടെ വാദം.
ചീഫ് കണ്‍ട്രോളറില്‍ നിന്നു അനുമതി ലഭിക്കുന്നില്ലെങ്കില്‍ ദേവസ്വങ്ങള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവന്‍കുട്ടി പറഞ്ഞു. കുറെ വര്‍ഷങ്ങളായി വെടിക്കെട്ട് പല കാരണങ്ങളാല്‍ പ്രതിസന്ധിയിലായിരുന്നുവെങ്കിലും രാഷ്‌ട്രീയ ഇടപെടലില്‍ മുടക്കമില്ലാതെ നടത്തി വരികയായിരുന്നു. പ്രതിസന്ധികള്‍ നീക്കാന്‍ ഇത്തവണ ദേവസ്വങ്ങള്‍ നേരത്തെ തന്നെ സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി നേടി ആഹ്ലാദത്തിലിരിക്കുമ്പോഴാണ് ഉദ്യോഗസ്ഥ തലത്തില്‍ പുതിയ വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നത്.
















