പേട്ട: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വലിയതുറയിലെ വിവിധ ക്യാമ്പുകളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നവരോട് സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം ഗൗരവമേറിയതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്. രാഷ്‌ട്രീയ വിവേചനത്തില്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കിയില്ലെന്ന വാര്‍ത്തയെ തുടര്‍ന്ന് ക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണവും വെളിച്ചവുമില്ലാത്ത ദുരവസ്ഥയിലാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനം. ഇവിടെ കഴിയുന്ന അന്‍പത്തിയൊമ്പതോളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തില്‍ ജീവിതം നയിക്കേണ്ട സാഹചര്യമാണുളളത്.
അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വമൊരുക്കേണ്ട ഭരണകര്‍ത്താക്കള്‍ ഇവിടം സന്ദര്‍ശിക്കാന്‍ പോലും തയാറാകാതെ മുഖം തിരിക്കുകയാണെന്ന് സുരേഷ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് ബിജെപി നേതാക്കള്‍ ക്യാമ്പിലെത്തിയത്. അഭയാര്‍ത്ഥികളെ നേരില്‍ക്കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാമ്പ് തുടങ്ങിയതുമുതല്‍ രാഷ്‌ട്രീയ പകപോക്കലില്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതം ക്യാമ്പുകളിലെ സ്ത്രീകള്‍ ബിജെപി നേതാക്കളുമായി പങ്കുവെച്ചു. ഇതുവരെ വെളിച്ചം നല്‍കാത്ത അഭയാര്‍ത്ഥികള്‍ കഴിയുന്ന കെട്ടിടത്തില്‍ വെളിച്ചം ലഭിക്കാനുളള സൗകര്യമൊരുക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന്‍, ജനറല്‍ സെക്രട്ടറി കെ. മോഹനന്‍ എന്നിവര്‍ സുരേഷിനൊപ്പം ക്യാമ്പ് സന്ദര്‍ശിച്ചു.















