പത്തനംതിട്ട: ധനലക്ഷ്മി ബാങ്കിലെ ബോണ്ട് വിവാദത്തില്‍ അയ്യപ്പനെ പരാമര്‍ശിച്ച് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം മാറ്റി പുതിയത് സമര്‍പ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍.
പ്രളയവും യുവതീ പ്രവേശനവും അയ്യപ്പന് നേരത്തെ അറിഞ്ഞുവെന്നും ഇതിലൂടെയുണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അയ്യപ്പന് തുറന്നുതന്ന വഴിയാണ് ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടിലെ നിക്ഷേപമെന്നുമായിരുന്നു ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഇത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി ബോര്‍ഡ് പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്.
കോടതിയില്‍ ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയത് തെറ്റാണെന്നും സത്യവാങ്മൂലം നല്കിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. അയ്യപ്പനെ പരാമര്‍ശിക്കുന്ന തരത്തില്‍ കോടതിയില്‍ സത്യവാങ്മൂലം നല്കേണ്ടിയിരുന്നില്ലെന്നാണ് കരുതുന്നത്. അത് മാറ്റി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നു. ഇത്തരമൊരു സത്യവാങ്മൂലം നല്‍കാനിടയായ സാഹചര്യം അന്വേഷിക്കും. പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ജീവനക്കാരുടെ പിഎഫ് അക്കൗണ്ടില്‍ നിന്ന് ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടുകളില്‍ 150 കോടി രൂപയാണ് നിക്ഷേപിച്ചത്. സ്ഥിരനിക്ഷേപത്തിന് പകരം റിസര്‍വ് ബാങ്ക് അനുമതിയോടെയാണ് പണം നിക്ഷേപിച്ചതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഏഴ് വര്‍ഷത്തേക്കുള്ള നിക്ഷേപമാണിത്. ഏഴ് വര്‍ഷം കൊണ്ട് 60 കോടി രൂപ ബോര്‍ഡിന് ലാഭം കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: