ലൗകിക ചിന്തകളും ശരീരചിന്തകളും വിട്ട് മനസ്സ് ഏകാഗ്രമാകുന്നതിന് യോഗ ഏറെ സഹായകമാണ്. പ്രപഞ്ചം പരമപുരുഷന്റെ പ്രകൃതിയായതിനാല്‍, അങ്ങനെ നോക്കിക്കാണുന്നതിനാല്‍ ലോകം എന്നറിയപ്പെടുന്നു. ആലോകനം ചെയ്യപ്പെടുന്നതിനാല്‍ ലോകം ബ്രഹ്മാണ്ഡസ്വരൂപമായിരിക്കുന്നു. ഈ ലോകത്തിനെ പിണ്ഡാണ്ഡ സ്വരൂപത്തില്‍ കാണുമ്പോള്‍ ശരീരം എന്നറിയപ്പെടുന്നു. വാസ്തവത്തില്‍ ബ്രഹ്മാണ്ഡവും പിണ്ഡാണ്ഡവും ഒന്നു തന്നെ. രണ്ടും പഞ്ചഭൂതങ്ങളാല്‍ നിര്‍മിതം.
ഈ തിരിച്ചറിവിലൂടെ ക്രമേണ നമുക്ക് പരമജ്ഞാനത്തിലേക്കെത്താം. പരമാത്മാവും ജീവാത്മാവും ഒന്നെന്ന വിജ്ഞാനത്തിലേക്ക് നാം സ്വയം ആനയിക്കപ്പെടുന്നു. അതോടെ ഞാന്‍ എന്ന ഭാവം ഇല്ലാതാകുന്നു.
മനസ്സ് ബുദ്ധിയിലും ബുദ്ധി ചിത്തത്തിലും ചിത്തം അഹങ്കാരത്തിലും ലയിച്ച് അഹങ്കാരം ഇല്ലാതാകുന്ന അവസ്ഥ.
ജാഗ്രദാവസ്ഥ സ്വപ്നത്തിലും സ്വപ്നാവസ്ഥ സുഷുപ്തിയിലും എത്തിച്ചേരുന്നു. ഈ സുഷുപ്ത്യവസ്ഥയില്‍ ഞാന്‍ എന്ന ബോധം തന്നെയില്ല. സ്വപ്നാവസ്ഥയില് ഞാന്‍ ഉണ്ട്.
ഭൂതസൂക്ഷ്മേന്ദ്രിയമനോ ബുദ്ധ്യാദിഷ്വിഹ നിദ്രയാലീന്വേഷസതി യസ്തത്ര വിനിദ്രോ നിരഹംക്രിയഃ
പഞ്ചഭൂതങ്ങളും പഞ്ചതന്മാത്രകളും പഞ്ചേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളും മനസ്സ്, ബുദ്ധി, ഇത്യാദികളും നിദ്രയില്‍ വിലയം പ്രാപിക്കുമ്പോള്‍ പോലും അവിടെ നിദ്രയില്ലാതെ തന്റെ കര്‍മം തുടരുന്ന ഒരാളുണ്ട്. താന്‍ കര്‍മം ചെയ്യുന്നു എന്ന ഭാവമില്ലാതെ കര്‍മം തുടരുന്നവന്. ഈ നിദ്രയിലും ശ്വാസോച്ഛസാദികള് നിര്‍വഹിക്കപ്പെടുന്നു. അത് ചെയ്യുന്നത് ആരാണ്? ആരാണ് ആ ശ്വാസകര്മങ്ങള് ചെയ്യുന്നത്.
രക്തചംക്രമണം ചെയ്യുന്നതാര്? ഹൃദയത്തെ ഒരു താളത്തില്‍ ഇടിക്കുന്നതിന് പ്രേരിപ്പിക്കുന്നതാര്? ഈ അന്വേഷണത്തില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതാര്? ഇതിന്റെയെല്ലാം ഉത്തരം ആത്മാവ് ഒന്നു തന്നെ. ഒന്നുതന്നെയാകയാല്‍ ജീവാത്മാവ് പരമാത്മാവ് എന്ന വിഭജനമില്ല. ഈ ജ്ഞാനം തന്നെ മോക്ഷം.
കപിലമഹര്‍ഷി അമ്മ ദേവഹൂതിക്ക് ഉപദേശിച്ചത് മഹത്തായ ബ്രഹ്മജ്ഞാനം തന്നെ. ഇക്കാര്യം മനസ്സിലാകുന്നുവെങ്കിലും മായ ഈ ജ്ഞാനത്തെ മറച്ചുവയ്്ക്കുന്നു. ഒരു മൂടല്‍മഞ്ഞു പോലെ മായ ബാധിക്കുന്നതോടെ ബോധവും അതില്‍ മനസ്സും പുനര്‍ജനിച്ച് സംശയങ്ങള്‍ ഉളവാകുന്നു. അതാണ് ദേവഹൂതിയുടെ പുനര്‍നിര്‍ണയത്തിന് തലമൊരുക്കിയത്. സംശയം ബാക്കി. സംശയ നിവാരണത്തിന് ദേവഹൂതി കപില ഭഗവാനെത്തന്നെ ആശ്രയിക്കുന്നു.
‘പുരുഷം പ്രകൃതിര്ബ്രഹ്മന്നബ
വിമുഞ്ചതി കര്‍ഹിചിത്
അന്യോന്യാപാശ്രയത്വാച്ച
നിത്യത്വാദനയോ: പ്രഭോഃ
ഹേ, ബ്രഹ്മന്‍, പുരുഷനും പ്രകൃതിയും ഒരിക്കലും വേര്‍പിരിയുന്നില്ല. അവര്‍ എന്നും പരസ്പരം ആശ്രയിച്ചു തന്നെ നില്ക്കുന്നു. അതുരണ്ടും നിത്യവുമാണ്. അതിനാല്‍ അവര്‍ക്ക് നാശവുമില്ല. പ്രകൃതിയുടെ ഓരോ ചലനവും പുരുഷ പ്രേരണയാലാണ്. പുരുഷന്റെ ചലനം പ്രകൃതിയിലൂടെ മാത്രമാണ്. പ്രകൃതിയെക്കൂടാതെ പുരുഷന് പ്രകാശിക്കാനാവുന്നില്ല. പ്രകൃതി എന്നും നിലനില്ക്കുന്നതെങ്കില് അതിന്റെ സ്വഭാവങ്ങളും നിത്യമല്ലേ? ഗന്ധം ഭൂമിയുടെ ഭാഗമായ സ്വഭാവം തന്നെ. രസം ജലത്തിന്റെ ഭാവമാണ്. അങ്ങനെ വരുമ്പോള്‍ ബുദ്ധിയും സത്വാദി ഗുണങ്ങളും അതിന്റെ കൂടെത്തന്നെയുണ്ടല്ലോ. അതൊന്നും നശിക്കുന്നില്ല. അപ്പോള്‍ പിന്നെ മോക്ഷം എങ്ങനെ സത്യമായിത്തീരുന്നു. സത്വാദി ഗുണങ്ങളുണ്ടെങ്കില്‍ പുണ്യപാപങ്ങളും സംഭവിക്കുന്നു. പുണ്യപാപങ്ങള്‍ ബാക്കിവരുമ്പോള്‍ പുനര്‍ജന്മവും തുടരുന്നു. പിന്നെ മോക്ഷം എന്നത് എങ്ങനെ സത്യമായിത്തീരുന്നു?
പ്രതികരിക്കാൻ ഇവിടെ എഴുതുക: