ബത്തേരി: വെള്ളിയാഴ്ച ബത്തേരി നായ്‌ക്കട്ടിയില്‍ സ്‌ഫോടനത്തിന് ബെന്നിയെ പ്രേരിപ്പിച്ചത് അംലയുമായുണ്ടായിരുന്ന സൗഹൃദത്തിലെ വിള്ളല്‍. അംലയുടെ കുടുംബവുമായി കാലങ്ങളായുള്ള ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യമാണ് ഈ ക്രൂരകൃത്യത്തിന് ബെന്നിയെ പ്രേരിപ്പിച്ചത്.
നായ്‌ക്കട്ടി ടൗണില്‍ ബെന്നിയും അംലയും കച്ചവടസ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ആംലയുടെ ഭര്‍ത്താവ് നാസറും ബെന്നിയുമായി വര്‍ഷങ്ങളായി കൂട്ടുകൃഷിയും നടത്തിയിരുന്നു. ഇതെല്ലാം ഈ കുടുംബവുമായുള്ള സൗഹൃദം തീവ്രമാക്കി. മാസങ്ങളായി ഇവരുടെ സൗഹൃദങ്ങളില്‍ ചില വിള്ളലുകളുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ഇതില്‍ അസ്വസ്ഥനായാണ് ബെന്നി ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്നു കരുതുന്നു.
ബെന്നിയുടെയും അംലയുടേയും ഛിന്നഭിന്നമായ ശരീരഭാഗങ്ങള്‍ വെള്ളിയാഴ്ച രാത്രി തന്നെ സംസ്‌ക്കരിച്ചു. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നു മുക്തമായിട്ടില്ല ഈ ഗ്രാമവും ഗ്രാമവാസികളും. സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഉഗ്രസ്‌ഫോടനശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററുമാണെന്ന് തെളിഞ്ഞു. മരിച്ച ബെന്നിയുടെ കടയില്‍ നടത്തിയ പരിശോധനയില്‍ ഒരു ജലാറ്റിന്‍സ്റ്റിക്കും ഡിറ്റണേറ്ററും പോലീസ് കണ്ടെടുത്തു. കൂടാതെ തിരികത്തിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന സിഗററ്റ് ലാമ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ ഡിറ്റേണറ്റര്‍ കെട്ടിവച്ച ശേഷം അംലയെ പിടിച്ചുവച്ച് തിരികത്തിച്ച് സ്‌ഫോടനമുണ്ടാക്കിയതാകാമെന്നാണ് പോലീസിന് ലഭിച്ച സൂചന. മൃതദേഹങ്ങളുടെ സ്ഥാനവും അതുറപ്പിക്കുന്നുണ്ട്. നായ്‌ക്കട്ടി ചരുവില്‍ നാസറിന്റെ ഭാര്യയാണ് അംല (36). എര്‍ലോട്ട്കുന്ന് പെരുങ്ങോട്ടില്‍ അബ്രഹാമിന്റെ മകനാണ് ബെന്നി (48).
















